PM Awas Yojana: 260 കോടി രൂപ കൊണ്ട് 34,363 വീടുകൾ നിർമ്മിച്ചെന്ന് ബിജെപി; ഒരു വീടിന് 75,000 രൂപയോ എന്ന് സോഷ്യൽ മീഡിയ
BJP Keralam Facebook Page Trolls: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 34,363 വീടുകൾ നിർമ്മിച്ചെന്ന ബിജെപി അവകാശവാദത്തിനെതിരെ സോഷ്യൽ മീഡിയ. ബിജെപി കേരളത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് ട്രോളുകൾ ലഭിക്കുന്നത്.
പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട ബിജെപി കേരളത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ. 260 കോടി രൂപ കൊണ്ട് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 34,363 വീടുകൾ നിർമ്മിച്ചെന്നാണ് ബിജെപി കേരളം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. എന്നാൽ, ഈ കണക്കിൽ ഒരു പിശകുണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നു.
പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി ലൈഫ് മിഷൻ എന്നാക്കിയ സംസ്ഥാന സർക്കാർ ഇത് തങ്ങളുടെ നേട്ടമായി അവതരിപ്പിച്ച് ജനങ്ങളെ പറ്റിക്കുകയാണ് എന്ന് ബിജെപി ഫേസ്ബുക്ക് പേജിൽ കുറിച്ചു. പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നത്തെപ്പോലും സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന വഞ്ചനയാണ് ഇത്. കേന്ദ്ര സർക്കാർ നൽകുന്ന പണത്തിൽ, ഖ്യാതി നേടിയെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ ലജ്ജാകരമായ തന്ത്രമാണിത്. ഇത് പാവപ്പെട്ടവന്റെ അവകാശങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി തട്ടിയെടുക്കുന്ന ജനദ്രോഹമാണ് എന്നും ബിജെപി കുറിച്ചു.
എന്നാൽ, 260 കോടി രൂപ കൊണ്ട് 34,363 വീട് പണിയണമെങ്കിൽ ഒരു വീടിന് ഏകദേശം 75,600 രൂപയാണ് ചിലവ് വരിക. ഈ പണം കൊണ്ട് ഒരു വീട് പണിയുക അസാധ്യമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.
ബിജെപി കേരളത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നത്തെപ്പോലും സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന വഞ്ചനയാണ് പിണറായി സർക്കാർ നടത്തുന്നത്. ഗ്രാമങ്ങളിലെ 34,363 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) വഴി കേന്ദ്രം 260 കോടിയിലധികം രൂപ നൽകി.
എന്നാൽ, പിണറായി സർക്കാർ ഈ കേന്ദ്ര പദ്ധതിക്ക് ‘ലൈഫ് മിഷൻ’ എന്ന് പേരുമാറ്റി, അത് തങ്ങളുടെ സ്വന്തം നേട്ടമായി അവതരിപ്പിച്ച് ജനങ്ങളെ പറ്റിക്കുകയാണ്. കേന്ദ്ര സർക്കാർ നൽകുന്ന പണത്തിൽ, ഖ്യാതി നേടിയെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ ലജ്ജാകരമായ തന്ത്രമാണിത്.
ഇത് കേവലം ഒരു പേരുമാറ്റമല്ല, മറിച്ച് പാവപ്പെട്ടവന്റെ അവകാശങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി തട്ടിയെടുക്കുന്ന നഗ്‌നമായ ജനദ്രോഹമാണ്. സ്വന്തമായി നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്തതുകൊണ്ടാണ് കേന്ദ്ര പദ്ധതികളുടെ ലേബലൊട്ടിച്ച് ഇടതു സർക്കാർ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്