Trans woman Arunima: ഇത് ചരിത്രം, തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ് വുമൺ അരുണിമയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു
Kerala Local Body Election 2025: ട്രാൻസ്ജെൻഡർ വിഭാഗത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തവരാണ് വ്യാജപ്രചാരണം നടത്തുന്നത്. നവോത്ഥാനം പറയുന്ന ആളുകൾ എന്തിന് നുണക്കഥ പ്രചരിപ്പിച്ച് വേദനിപ്പിക്കുന്നു എന്നും ജനാധിപത്യത്തിലൂടെ നേരിട്ടാൽ പോരേയെന്നും അരുണിമ ചോദിച്ചു.
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കുന്ന ട്രാൻസ് വുമൺ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. ഇതോടെ, വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി അരുണിമയ്ക്ക് ജനവിധി തേടാം. സൂക്ഷ്മപരിശോധനയിൽ അരുണിമയുടെ നാമനിർദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങി.
നിലവിൽ ട്രാൻസ്‌ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെ.എസ്.യു. ജനറൽ സെക്രട്ടറിയുമാണ് അരുണിമ എം. കുറുപ്പ്.
വ്യാജപ്രചാരണങ്ങൾക്കെതിരെ അരുണിമ
വനിതാ സംവരണ ഡിവിഷനിൽ ട്രാൻസ്ജെൻഡറിന് മത്സരിക്കാൻ കഴിയില്ലെന്ന് പ്രചാരണം നിലനിന്നിരുന്നു. കളക്ടറേറ്റിൽ പത്രിക നൽകാൻ എത്തിയപ്പോൾ ഇത് തള്ളിപ്പോകുമെന്നും ചിലർ പറഞ്ഞത് അരുണിമയെ വേദനിപ്പിച്ചു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളോട് അവർ നിലപാട് വ്യക്തമാക്കിയത്. “നിയമപരമായി താൻ എല്ലാ രേഖകളിലും സ്ത്രീയാണ്. ആറ് വർഷം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ് സ്ത്രീയായിട്ടാണ് ജീവിക്കുന്നത്. പിന്നെന്തിനാണ് ഈ വ്യാജ പ്രചാരണം? എന്ന് അരുണിമ ചോദിച്ചു. “വോട്ടർപട്ടിക, ആധാർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയിലെല്ലാം ഞാൻ സ്ത്രീയാണ്.
ഒരു രേഖയിലും ട്രാൻസ്ജെൻഡർ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ശസ്ത്രക്രിയയിലൂടെ ട്രാൻസ് വുമൺ ആയവർ സ്ത്രീയായിരിക്കുമെന്ന് സുപ്രീംകോടതിയും കേന്ദ്രവും പറഞ്ഞിട്ടുണ്ട്. സ്ത്രീയാണെന്നുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മാത്രം മതി. സ്ത്രീയെന്ന് കളക്ടർ സാക്ഷ്യപ്പെടുത്തിയ രേഖയും കൈവശമുണ്ട് എന്നും അരുണിമ വ്യക്തമാക്കി.
Also read – മഴ നാളെ തെക്കന്മാർക്കു മാത്രമോ? മുന്നറിയിപ്പ് ഇങ്ങനെ….
ട്രാൻസ്ജെൻഡർ വിഭാഗത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തവരാണ് വ്യാജപ്രചാരണം നടത്തുന്നത്. നവോത്ഥാനം പറയുന്ന ആളുകൾ എന്തിന് നുണക്കഥ പ്രചരിപ്പിച്ച് വേദനിപ്പിക്കുന്നു എന്നും ജനാധിപത്യത്തിലൂടെ നേരിട്ടാൽ പോരേയെന്നും അരുണിമ ചോദിച്ചു. വ്യാജ പ്രചാരണത്തിനു പിന്നിൽ തോൽക്കുമെന്ന ഭയമാണെന്നും അവർ കൂട്ടിച്ചേർത്തു.
മറ്റൊരു ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്‌ജെൻഡറായ അമേയ പ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈ തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംപിടിക്കുകയാണ്.