Kalamassery: കളമശ്ശേരിയിൽ അഴുകിയ നിലയിൽ മൃതദേഹം; ഒരുമാസം പഴക്കം, സൂരജ് ലാമയുടേതെന്ന് സംശയം
Dead Body found in Kalamassery: ഒക്ടോബർ ആറിന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് ശേഷമാണ് സൂരജ് ലാമയെ കാണാതായത്. ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
എറണാകുളം: കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ ഭാഗത്തായാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതാണെന്ന സംശയമുണ്ട്.
സൂരജ് ലാമയുടെ മകൻ സാന്റോൺ ലാമയോട് കൊച്ചിയിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംശയത്തിന്റെ പശ്ചാത്തലത്തിലാണ് മകനെ വിളിപ്പിച്ചിരിക്കുന്നത്. ശാസ്ത്രീയ പരിശോധനൾക്ക് ശേഷം മാത്രമേ സൂരജ് ലാമയാണോ എന്ന കാര്യം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
ഒക്ടോബർ ആറിന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് ശേഷമാണ് സൂരജ് ലാമയെ കാണാതായത്. ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കോടതിയുടെ നിർദേശപ്രകാരം നിർദേശപ്രകാരം വിശദമായ പരിശോധന ഈ മേഖലയിൽ നടത്തിയിരുന്നു. ഇതിനിടയിൽ ആണ് മൃതദേഹം കണ്ടെത്തുന്നത്.
ALSO READ: അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍
കുവൈത്തിൽ നാല് റസ്റ്ററന്റുകളുടെ ഉടമയാണ് സൂരജ്. സെപ്റ്റംബർ അഞ്ചിന് കുവൈത്തിൽ വെച്ച് സൂരജ് കുഴഞ്ഞുവീണു. ചികിത്സയ്ക്കുശേഷം ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഓർമ്മ ശക്തി നഷ്ടമായി. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കുവൈത്തിൽ നിന്ന് നാടുകടത്തുകയായിരുന്നു. ബെംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് സൂരജിനെ കയറ്റിവിട്ടത്.
എന്നാൽ, ഓർമ്മയില്ലാത്തയാളെ അയക്കുന്നതിന് മുമ്പ് കുടുംബത്തെയോ സുഹൃത്തുക്കളെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. ഓർമശക്തി നഷ്ടപ്പെട്ട സൂരജിനെ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് ശേഷം കാണാതാവുകയായിരുന്നു. അതേസമയം, ഒക്ടോബർ 10ന് രാത്രിയോടെ എൻഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.