Crime News: മദ്യലഹരിയിൽ രാത്രി യുവതിയുമായി വീട്ടിലെത്തി; ചോദ്യംചെയ്ത സഹോദരിയെ വെട്ടി യുവാവ്, സംഭവം കോട്ടയത്ത്
Brother Attacks Sister in Kottayam: എട്ട് മാസം മുൻപ് ചിങ്ങവനത്ത് വെച്ച് 22 ഗ്രാം എംഡിഎംഎയുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസം റിമാൻഡിൽ കഴിഞ്ഞ ലിജോ സേവിയർ രണ്ടു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.
കോട്ടയം: മദ്യലഹരിയിൽ രാത്രി യുവതിയുമായി വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത സഹോദരിയെ ക്രൂരമായി ആക്രമിച്ച സഹോദരൻ അറസ്റ്റിൽ. മടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവിയർ എന്ന 27കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പോലീസ് ഇൻസ്‌പെക്ടർ എംജെ അരുൺ ആണ് പ്രതിയെ പിടികൂടിയത്. ഇയാൾ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തു കേസുകളിലെ പ്രതിയുമാണ്.
എട്ട് മാസം മുൻപ് ചിങ്ങവനത്ത് വെച്ച് 22 ഗ്രാം എംഡിഎംഎയുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസം റിമാൻഡിൽ കഴിഞ്ഞ ലിജോ സേവിയർ രണ്ടു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിന് പുറമെ ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ ലഹരി കേസുകൾ നിലവിൽ ഉണ്ട്.
ALSO READ: ‘കാവലായി സർക്കാരുണ്ട്’; മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമായി കോട്ടയത്തുള്ള ബാറിൽ നിന്ന് മദ്യപിച്ച ശേഷം ഇവർ ഒരുമിച്ച് വീട്ടിൽ എത്തിയത്. കൂടെയുള്ള യുവതിയെ വീട്ടിൽ താമസിപ്പിക്കണം എന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇത് എതിർത്ത സഹോദരിയെ ക്രൂരമായി ഇയാൾ വെട്ടി പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി വീട്ടിൽ നിന്ന് ഒളിവിൽ പോവുകയും വീടിനടുത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ ഒളിച്ചിരിക്കുകയുമായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടി.
പ്രതി ലഹരി ഉപയോഗിച്ച് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. അച്ഛനെയും അമ്മയെയും ഇയാൾ ഇതിന് മുൻപ് അക്രമിച്ചിട്ടുണ്ട്. തൃക്കൊടിത്താനം, മാമൂട് ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ പോലീസ് നിരീക്ഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.