‘അവൻ ചെറുക്കനല്ലേ, അവൻ്റെ കാര്യമങ്ങ് നടക്കും’ ആൺകുട്ടികളോടുള്ള മാതാപിതാക്കളുടെ അലംഭാവം അവസാനിപ്പിക്കണം; മാർ ജോസഫ് പാംപ്ലാനി
25 വയസാകുമ്പോഴേക്കും ആൺകുട്ടികൾ വിവാഹത്തെ കുറിച്ച് ചിന്തിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു

കോഴിക്കോട് (മാർച്ച് 12): ആൺകുട്ടികളുടെ വിവാഹ കാര്യങ്ങളിലുള്ള മാതാപിതാക്കളുടെ അലസമായ മനോഭാവം അവസാനിപ്പിക്കണെന്ന് കത്തോലിക്ക സഭയുടെ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. പെൺകുട്ടികളെക്കാൾ ആൺകുട്ടികളുടെ വിവാഹകാര്യങ്ങളിലാണ് ഇന്നത്തെ കാലത്ത് ശ്രദ്ധ പുലർത്തേണ്ടത്. 25 വയസാകുമ്പോഴേക്കും തന്നെ അവരെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം മാതാപിതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘അവൻ ചെറുക്കനല്ലേ അവൻ്റെ കാര്യമങ്ങ് നടക്കും’ എന്നുള്ള മാതാപിതാക്കളെ അലഭാവമാണ് മാറേണ്ടതെന്ന് മാർ ജോസഫ് പാംപ്ലനി അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ ആൺകുട്ടികളുടെ വിവാഹകാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തേണം. ചില തെറ്റായ സദാചാരബോധങ്ങൾ തിരുത്തിയെഴുതേണ്ടിയിരിക്കുന്നുയെന്നും തലശ്ശേരി ആർച്ച് ബിഷപ് അറിയിച്ചു.
ആൺകുട്ടികൾ തങ്ങളുടെ വിവാഹത്തെ കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നിലവിൽ മാതാപിതാക്കൾക്ക് മാത്രമായി ആൺകുട്ടികൾക്ക് ജീവിത പങ്കാളികളെ കണ്ടെത്തി നൽകാനാകില്ല. അതുകൊണ്ട് ആൺകുട്ടികൾ തങ്ങളുടെ പങ്കാളികളെ സ്വയം കണ്ടെത്തി മാതാപിതാക്കളെ അറിയിക്കണം. ജീവിതത്തെ കൂടുതൽ ഉത്തരവാദിത്തത്തോടെ കാണണമെന്ന തലശ്ശേരി ആർച്ച് ബിഷപ് അഭിപ്രായപ്പെട്ടത്.