5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mullaperiyar Dam: മുട്ടുമടക്കി തമിഴ്നാട്; മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകി കേന്ദ്ര ജലകമ്മീഷൻ

Mullaperiyar Dam: പത്തുവര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അവസാനായി മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ പരിശോധന നടന്നത് 2011-ലാണ്.

Mullaperiyar Dam: മുട്ടുമടക്കി തമിഴ്നാട്; മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകി കേന്ദ്ര ജലകമ്മീഷൻ
Follow Us
athira-ajithkumar
Athira CA | Published: 02 Sep 2024 21:09 PM

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullaperiyar Dam) സുരക്ഷാ പരിശോധനക്ക് കേന്ദ്ര ജലകമ്മിഷന്‍റെ അനുമതി . കേരളത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഒരു വർഷത്തിനുള്ളിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാനു ജല കമ്മിഷൻ നിർദേശിച്ചു. മുൻപ് 2011ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടന്നത്. സ്വതന്ത്ര വിദഗ്ദന്‍മാര്‍ ഉള്‍പ്പെടുന്ന സമിതിയാകും പരിശോധന നടത്തുക.

കേന്ദ്ര ജലകമ്മീഷൻ ആസ്ഥാനത്ത് നടന്ന മുല്ലപെരിയാറിന്റെ മേൽനോട്ട സമിതിയോ​ഗമാണ് അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകിയത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രളയ പ്രതിരോധ സുരക്ഷ, സംഭരണശേഷി തുടങ്ങി വിവിധ തലത്തിൽ പരിശോധന നടക്കും. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കേരളത്തിന്റെ നിരന്തരമായ ആവശ്യം പരി​ഗണിച്ചുകൊണ്ടും 2026-ൽ സുരക്ഷാ പരിശോധന നടത്തിയാൽ മതിയെന്ന തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ടുമാണ് മേൽനോട്ട സമിതി സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകിയത്.

2011-ൽ സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയാണ് അവസാനമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ പരിശോധന നടത്തിയത്. സുപ്രീംകോടതി നിർദേശ പ്രകാരം അണക്കെട്ടിൽ തമിഴ്നാട് നടത്തേണ്ട അറ്റകുറ്റപ്പണികൾ തമിഴ്നാട് സർക്കാർ നൽകിയ അപേക്ഷക​ൾ വേ​ഗത്തിൽ പരി​ഗണിച്ച് തീരുമാനമെടുക്കാനും നിർദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അടിയന്തര കർമ്മ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ തമിഴ്നാട് സർക്കാരിനോടും ആവശ്യപ്പെട്ടു.

സമഗ്ര സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കിയ കേന്ദ്ര ജല കമ്മീഷൻ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കേന്ദ്ര ജല കമ്മീഷൻ കേരളത്തിന് അനുകൂലമായ നിലപാടെടുത്തത്തിൽ കേരള സർക്കാർ നിർണായക ഇടപെടൽ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ജലസേചന വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണെന്നിരിക്കെ യോ​ഗത്തിൽ പങ്കെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനെ അയക്കാനുള്ള സർക്കാർ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നായിരുന്നു. മുൻ ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്ന ബി അശോക് മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിലും പങ്കെടുത്തിട്ടുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ആശങ്ക ഉയർന്നിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ചർച്ചകൾ നടക്കുകയും ഡാം ഡികമ്മ‍ീഷൻ ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയമായ സംഭരണ ശേഷി 142 അടിയുമാണ്.

Latest News