Kerala Holiday: സംസ്ഥാനത്ത് അഞ്ച് താലൂക്കുകളില്‍ ഇന്ന് അവധി, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല
Educational Institutions and Govt Offices in Five Taluks Closed on Dec 4: ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലും, പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കിലുമാണ് അവധി.
ആലപ്പുഴ: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് അവധി. ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലും, പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കിലുമാണ് അവധി. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.
തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഈ അഞ്ച് താലൂക്കുകളിലും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി നിര്‍വഹിക്കുന്ന ഓഫീസുകളെയും, ജീവനക്കാരെയും അവധി ബാധിക്കില്ല.
പിഎസ്‌സി അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീ-പ്രൈമറി ടീച്ചര്‍ (കാറ്റഗറി നം. 383/2024) തസ്തികയിലേയ്ക്ക് ഇന്ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0477-2264134.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അതേസമയം, ചക്കുളത്തുകാവിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ഒമ്പതിന് ചടങ്ങുകള്‍ ആരംഭിക്കും. മേല്‍ശാന്തി ശ്രീകോവിലിലെ കെടാവിളക്കില്‍ നിനന് പൊങ്കാല അടുപ്പിലേക്ക് തീ പകരുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. നിരവധി ഭക്തരാണ് ചക്കുളത്തുകാവിലേക്ക് എത്തുന്നത്.
ഇന്ന് രാവിലെ നാലിന് നിര്‍മാല്യ ദര്‍ശനം നടന്നു. തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി. ഒമ്പത് മണിയോടെ വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടക്കും. പിന്നീട് നടക്കുന്ന സംഗമം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. നിരവധി പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും.
പ്രദേശത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. പൊലീസും, മോട്ടോര്‍ വാഹന വകുപ്പും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും. ഫയര്‍ ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകളും, റെസ്‌ക്യൂ ബോട്ടും, സ്‌കൂബാ ഡൈവിങ് ടീമും സജ്ജമായിരിക്കും.