ചാല സ്വർണക്കവർച്ച: കാണാതായത് രണ്ട് കിലോ സ്വർണം, കിട്ടിയത് 448 ഗ്രാം; കവർച്ചയ്ക്ക് പിന്നിൽ പക
Chala Gold Robbery: നന്ദകുമാറിന്റെ ബിസിനസ് വളരുന്നതിലെ വൈരാഗ്യമാണ് കവർച്ചയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ സ്ഥിരീകരണം. കേസിൽ കഴിഞ്ഞ ദിവസം അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജൂവലറി ഉടമയായ ജയറാമും അറസ്റ്റിലായത്. അതേസമയം, കാണാതായ രണ്ട് കിലോ സ്വർണത്തിൽ 448 ഗ്രാം മാത്രമേ ഇതുവരെ കണ്ടെടുത്തിട്ടുള്ളൂ.

Chala Gold Robbery Business Rivalry Suspected
തിരുവന്തപുരം: ചാലയിലെ വൈഷ്ണവി ജൂവലറിയുടെ ഉടമ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ സമീപത്തെ മാളവിക ജൂവലറി ഉടമ ജയറാമും അറസ്റ്റിൽ. ഇയാൾ മുൻപ് ഭീഷണിപ്പെടുത്തിയതായി നന്ദകുമാറിന്റെ മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജയറാമിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നന്ദകുമാറിന്റെ ബിസിനസ് വളരുന്നതിലെ വൈരാഗ്യമാണ് കവർച്ചയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ സ്ഥിരീകരണം. കേസിൽ കഴിഞ്ഞ ദിവസം അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജൂവലറി ഉടമയായ ജയറാമും അറസ്റ്റിലായത്. അതേസമയം, കാണാതായ രണ്ട് കിലോ സ്വർണത്തിൽ 448 ഗ്രാം മാത്രമേ ഇതുവരെ കണ്ടെടുത്തിട്ടുള്ളൂ.
കവർച്ചയ്ക്ക് ശേഷം തമിഴ്നാട് വഴി രക്ഷപ്പെട്ട തിരുവനന്തപുരം സ്വദേശികളായ അനിൽ, അനൂപ്, വിനോദ് എന്നിവരെ വയനാട്ടിൽനിന്നും കേസിലെ മറ്റ് പ്രതികളായ അമൂൽ, ദിലീപ് എന്നിവരെ തിരുവനന്തപുരത്തുനിന്നും കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. വയനാട്ടിൽവച്ച് പ്രതികളുടെ വാഹനം പോലീസ് തടഞ്ഞപ്പോൾ ശ്രാവൺ എന്ന പ്രതി ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
ALSO READ: മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും
വൈഷ്ണവി ജൂവലറിയുടെ ഉടമ നന്ദകുമാറിന്റെ വളർച്ചയിൽ സമീപത്തെ ജൂവലറി ഉടമകൾക്കും സ്വർണ ഏജന്റായ അമൂലിനുമടക്കമുണ്ടായ അസൂയയാണ് സ്വർണം തട്ടിയെടുക്കലിലേക്ക് നയിച്ചത്. ജയറാമിന് പുറമേ അറസ്റ്റിലായ അമൂലും ചാലയിൽ തന്നെ സ്വർണവ്യാപാരം നടത്തുന്നയാളാണ്. നന്ദകുമാർ ചെയ്യുന്നതിന് സമാനമായി സ്വർണം ശുദ്ധീകരിച്ച് വിൽക്കുന്നതടക്കമുള്ള ജോലികൾ അമൂലും ചെയ്തുവരികയായിരുന്നു. ഇയാളും ദിലീപും ഗൂഢാലോചനയിൽ മുഖ്യപങ്കാളികളാണ്.
നന്ദകുമാറുമായി ബിസിനസ് ഇടപാടുകളും അമൂലിന് ഉണ്ടായിരുന്നു. കവർച്ച നടന്ന ദിവസം രാവിലെയും അമൂൽ പത്ത് ലക്ഷം രൂപയുടെ സ്വർണം നന്ദകുമാറിന് വിറ്റിരുന്നു. കവർച്ചയ്ക്ക് നേരത്തെ തന്നെ പ്രതികൾ വൻ പ്ലാൻ തയാറാക്കിയിരുന്നു. നന്ദകുമാറിന്റെ നീക്കങ്ങൾ ദിവസങ്ങളോളം നിരീക്ഷിച്ചശേഷം അമൂൽ തന്റെ പരിചയക്കാരനായ ശ്രാവൺ വഴി അനൂപ്, ഷാഡോ അനിൽ, വിനോദ് എന്നിവരുടെ സഹായം തേടി. ദിലീപും ഇതിൽ പങ്കാളിയായി.
ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്. അമൂലിനെ ഞായറാഴ്ച ഇയാളുടെ ചാലയിലെ സ്ഥാപനത്തിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വയനാട്ടിൽ അറസ്റ്റിലായ മറ്റ് പ്രതികളെ ഞായറാഴ്ച രാത്രിയോടെ തലസ്ഥാനത്ത് എത്തിച്ചു. ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ നഷ്ടപ്പെട്ട സ്വർണം സംബന്ധിച്ചും കവർച്ച സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
English Summary
Jayaram, the owner of Malavika Jewellery located nearby has been arrested in connection with the theft of gold from Nandakumar, a native of Maharashtra who owns Vaishnavi Jewellery in Chala. According to the police, the robbery was motivated by animosity toward the growth of Nandakumar’s business. Five other suspects had already been arrested in the case.