Sabarimala Temple Open: മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; ഭക്തജനങ്ങൾ അറിയാൻ
Sabarimala Temple Open Today Evening: തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തിയായ ഇ ഡി പ്രസാദ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നിതെളിക്കും. നാളെ (വൃശ്ചികം 1 - നവംബർ 17) പുലർച്ചെ നട തുറക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കമാകും.
പത്തനംതിട്ട: വൃശ്ചികപ്പുലരിയെ വരവേൽക്കാൻ കാനനവാസൻ്റെ സന്നിധി ഒരുങ്ങിക്കഴിഞ്ഞു. ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തിയായ ഇ ഡി പ്രസാദ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നിതെളിക്കും. നാളെ (വൃശ്ചികം 1 – നവംബർ 17) പുലർച്ചെ നട തുറക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കമാകും.
ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ ദാമോദരൻ നമ്പൂതിരിയെയും സോപാനത്തേക്ക് ആനയിക്കും. തുടർന്ന് പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും നടക്കും. സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും 6.30ഓടെ അവരോധച്ചടങ്ങ് നടക്കുന്നതാണ്. നാളെയാണ് (നവംബർ 17 ചൊവ്വാഴ്ച്ച) വൃശ്ചികം ഒന്ന്. വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക.
ALSO READ: അട്ടിമറി? പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസപ്പെടുത്തി
പമ്പയിലേക്ക് തീർത്ഥാകർക്ക് പ്രവേശനം എപ്പോൾ
ഇന്ന് പകൽ 12ന് ശേഷം മാത്രമേ നിലയ്‌ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂകയുള്ളു. ഇക്കാര്യം നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. 12ന് മുന്പ് നിലയ്‌ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ ബസ് സർവീസുകൾ അനുവദിക്കരുതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെഎസ്‌ആർടിസിക്ക് നിർദേശവും നൽകിയിട്ടുണ്ട്. അതിന് മുന്പുള്ള യാത്രയ്‌ക്ക് നിലയ്‌ക്കൽ വരെ മാത്രമേ ടിക്കറ്റ് നൽകൂകയുള്ളു. പമ്പയിലേക്ക് മുൻകൂട്ടി ടിക്കറ്റ് നൽകരുതെന്നും നിർദേശത്തിൽ പറയുന്നു.
തീർത്ഥാടകർ ശ്രദ്ധിക്കേണ്ടത്
ദർശനത്തിനായി എത്തുന്ന എല്ലാ ഭക്തരും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി വെർച്വൽ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിംഗ് രേഖകളും തിരിച്ചറിയൽ കാർഡും യാത്രയിൽ നിർബന്ധമായും കരുതുക. ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്കായി നിലയ്ക്കൽ, പമ്പ, എരുമേലി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
ശബരിമല തീർഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തീർഥാടനത്തിനിടെ മരണം സംഭവിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ കെ ജയകുമാർ അറിയിച്ചു. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
English Summary:
Sabarimala temple opening on November 16 marks the beginning of the annual Mandala-Makaravilakku pilgrimage season. Check the guidelines to devotees ahead of mandala makaravilak darshan.