Cherthala Women Missing Case: നാല് സ്ത്രീകൾ, അസ്ഥിക്കഷ്ണങ്ങൾ, രക്തം പുരണ്ട വസ്ത്രങ്ങൾ; ചേർത്തലയിൽ സംഭവിച്ചത് ?
Cherthala Women Missing Case: അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളോട് സെബാസ്റ്റ്യൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്.
ആലപ്പുഴ: നാല് സ്ത്രീകളുടെ തിരോധാനത്തിൽ ഇനിയും ഉത്തരം ലഭിച്ചിട്ടില്ല, എല്ലാ സംശയങ്ങളും ചെന്നുനിൽക്കുന്നത് ഒരൊറ്റ വ്യക്തിയിൽ, വസ്ത്രവ്യാപാരിയും പള്ളിപ്പുറം ചൊങ്ങുംതറ സ്വദേശി സി.എം സെബാസ്റ്റ്യൻ. സ്ത്രീകളുടെ തിരോധാനത്തിന് പിന്നിൽ സെബാസ്റ്റ്യൻ തന്നെയാണോ, കൊലപാതകത്തിന് കാരണമെന്ത്, പ്രതി സീരിയൽ കില്ലറോ? തുടങ്ങി ഇനിയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യങ്ങൾ നിരവധിയാണ്.
ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജെയ്നമ്മയെ കൊലപ്പെടുത്തിയെന്ന സെബാസ്റ്റ്യന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചേർത്തലയിൽ പലഘട്ടങ്ങളിലായ കാണാതായ കേസുകളും പൊലീസ് പുന:പരിശോധിക്കുന്നത്. ജെയ്നമ്മയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇയാൾ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാങൻ, വാരനാട് സ്വദേശി റിട്ട. ഗവ ഉദ്യോഗസ്ഥ ഐഷ, ചേർത്തല സ്വദേശി സിന്ധു എന്നിവരെ കാണാതായ കേസിലും സംശയനിഴലിലാണ്. ജെയ്നമ്മയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഭാര്യയുമായി ഏറ്റുമാനൂരിൽ താമസിക്കുന്നതിനിടെയാണ് ഇയാൾ ജെയ്നമ്മയുമായി അടുപ്പത്തിലായത്.
ഒന്നിൽ നിന്ന് നാലിലേക്ക്…
2024 ഡിസംബർ 23നാണ് ജെയ്നമ്മയെ കാണാതാവുന്നത്. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം സെബാസ്റ്റ്യനിൽ എത്തി നിന്നു. ജെയ്നമ്മയുടെ തിരോധാനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് കഴിഞ്ഞ ജൂലൈ 28ന് സെബാസ്റ്റ്യന്റെ വീടും പരിസരവും പരിശോധിക്കാൻ എത്തിയതോടെയാണ് കേസിന്റെ ഗതി മാറിയത്. വീട്ടിൽ നിന്ന് രക്തക്കറയും പുരയിടത്ത് നിന്ന് തലയോട്ടിയും തുടയെല്ലും പല്ലുകളും ഉൾപ്പെടെ മൃതദേഹാവിഷ്ടങ്ങളും കണ്ടെത്തി.
തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ 8 അസ്ഥിക്കഷ്ണങ്ങളാണ് കിട്ടിയത്. വീടിന് പുറക് വശത്തെ കുളം വറ്റിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്ത്രീകളുടെ ബാഗും ഷാൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. വീട്ടുവളപ്പിലെ മരത്തിൽ കൊന്ത കൊളുത്തിക്കിടക്കുന്ന നിലയിലായിരുന്നു. ഭൂമിക്കടിിലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച കെഡാവർ നായയും അന്വേഷണസംഘത്തോടൊപ്പം പരിശോധനയ്ക്ക് ഉണ്ടായിരുന്നു.
ഇനിയെന്ത്?
അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളോട് സെബാസ്റ്റ്യൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്. പ്രതി സഹകരിക്കാതെ തുടരുന്ന പശ്ചാത്തലത്തിൽ ഇതിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കുക എന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. അതേസമയം, പരിശോധനയിൽ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങൾ ഡിഎൻഎ പരിശോധനയ്ക്കും വസ്ത്രാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കും അയക്കാനാണ് തീരുമാനം.