Chhattisgarh Nuns Arrest: മനുഷ്യക്കടത്ത്, നിർബന്ധിച്ച് മതംമാറ്റാൻ ശ്രമം; കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതരവകുപ്പുകൾ
Chhattisgarh Nuns Arrest: രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒരു തരത്തിലുമുള്ള മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് സഭാ അധികൃതർ വ്യക്തമാക്കി.
ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് എതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. പ്രലോഭിച്ച് മതം മാറ്റാൻ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് സംശയിക്കുന്നു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു എഫ്ഐആർ രേഖപ്പെടുത്തിയത്.
ALSO READ: അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയായിരുന്നു. .
അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒരു തരത്തിലുമുള്ള മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് സഭാ അധികൃതർ വ്യക്തമാക്കി. സീറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസി സഭയിലെ സിസ്റ്റർമാരാണിവർ.