AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christmas 2025: തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്മസ്; ‘നക്ഷത്ര’ത്തിളക്കത്തില്‍ നാട്‌

Christmas Celebration Kerala 2025: ലോകമെമ്പാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ പ്രാർത്ഥനകളിലാണ്‌. കേരളത്തിലെ ആഘോഷവിവരങ്ങൾ ഇവിടെ വായിക്കാം.

Christmas 2025: തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്മസ്; ‘നക്ഷത്ര’ത്തിളക്കത്തില്‍ നാട്‌
ഒഡീഷയിലെ പുരിയിൽ ശിൽപി സുദർശൻ പട്നായിക് സൃഷ്ടിച്ച സാന്താക്ലോസിന്റെ മണൽ ശിൽപംImage Credit source: പിടിഐ
Jayadevan AM
Jayadevan AM | Published: 25 Dec 2025 | 05:58 AM

തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുയർത്തി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്നലെ അര്‍ധരാത്രി മുതൽ തന്നെ പ്രത്യേക പ്രാർത്ഥനകളും പാതിരാകുർബാനയും നടന്നു. തിരുവനന്തപുരം, കൊച്ചി, കോട്ടയം തുടങ്ങിയ നഗരങ്ങളിലെ കത്തീഡ്രലുകളിൽ നിരവധി വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ക്രിസ്മസിനെ വരവേല്‍ക്കുന്നതിനായി വീടുകളിലും നഗരവീഥികളിലും വർണ്ണാഭമായ നക്ഷത്രങ്ങളും പുൽക്കൂടുകളും നേരത്തെ തന്നെ ഒരുക്കിയിരുന്നു. വലിയ ക്രിസ്മസ് മരങ്ങളും വൈദ്യുതാലങ്കാരങ്ങളും മാറ്റ് കൂട്ടി. സൗഹൃദത്തിന്റെ മധുരം പങ്കുവെച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും കേരളത്തില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്.

ദേവാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചും, വീടുകളിൽ കേക്ക് മുറിച്ചും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് സമ്മാനങ്ങള്‍ കൈമാറിയുമാണ് മലയാളിയുടെ ക്രിസ്മസ് ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടങ്ങിയവര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

Also Read: Merry Christmas 2025 Quotes: ഹൃദയങ്ങളിൽ ക്രിസ്തുമൊഴികൾ; ഈ ക്രിസ്മസിന് നമ്മെ നയിക്കാൻ ഈ വചനങ്ങൾ മതി

സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിളക്കമാര്‍ന്ന സന്ദേശങ്ങളുമായി വീണ്ടുമൊരു ക്രിസ്മസ് എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരസ്പര സ്‌നേഹത്തിനും വിശ്വാസത്തിനും അടിയുറച്ച് ലോകത്തെ പരിവര്‍ത്തനപ്പെടുത്താന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മ പുതുക്കുന്ന ഈ ദിനം മാനവരാശിക്ക് എന്നും പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും എല്ലാ രൂപങ്ങളില്‍ നിന്നും മുക്തമായ സമത്വസുന്ദരമായ ഒരു ലോകകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്. ക്രിസ്തു മുന്നോട്ടുവച്ച പുരോഗമന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഐക്യത്തിന്റെയും സമത്വത്തിന്റെയും വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കുകയാണ് പ്രധാനമെന്നും ക്രിസ്മസ് ആശംസാ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യാശയും സന്തോഷവും അനുഗ്രഹവും പകരുന്ന ഒരു പുണ്യോത്സവമാണ് ക്രിസ്മസ് എന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ക്രിസ്തുദേവൻ പഠിപ്പിച്ച സമാധാനം, കരുണ, ക്ഷമ തുടങ്ങിയ സന്ദേശങ്ങള്‍ കാലാതീതവും പ്രസക്തവും പ്രചോദനപ്രദവുമാണ്. ഐക്യം വളർത്തുന്നതിനും, സ്നേഹബന്ധങ്ങൾ ഊഷ്മളമാക്കുന്നതിനും, നീതി ഊട്ടി ഉറപ്പിക്കുന്നതിനും ഈ ക്രിസ്മസ് കാലം സഹായകരമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.