Found Death: പാലക്കാട് സിവിൽ പൊലീസ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി
Police Officer Found Death: ഷൊർണൂർ ഡിവൈഎസ്‌പി ഓഫീസ് റോഡിന് സമീപത്തെ കെട്ടിടത്തിന് താഴെയായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല.
ഷൊർണൂർ: പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ട്രാഫിക് വിഭാഗത്തിലെ സിവിൽ പൊലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ ഡിവൈഎസ്‌പി ഓഫീസ് റോഡിന് സമീപത്തെ കെട്ടിടത്തിന് താഴെയായിരുന്നു മൃതദേഹം. പാലക്കാട് കൊടുന്തിരപ്പുള്ളി പാർവതി നിവാസിൽ അർജുനെ (36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി മരിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. മരണകാരണം വ്യക്തമല്ല. അർജുൻ കടുത്ത മദ്യപാനത്തിന് അടിമയായിരുന്നുവെന്നാണ് വിവരം. മൃതദേഹത്തിന് സമീപം അർജുന്റെ മൊബൈൽ ഫോണും ഉണ്ടായിരുന്നു. ഡിവൈഎസ്‌പി ആർ. മനോജ് കുമാർ, ഷൊർണൂർ ഇൻസ്പെക്ടർ വി. രവികുമാർ, പട്ടാമ്പി ഇൻസ്പെക്ടർ അൻഷാദ് എന്നിവരുൾപ്പെടെ എത്തിയാണ് മൃതദേഹ പരിശോധന നടത്തിയത്.
ശാസ്ത്രീയ പരിശോധന വിഭാഗവും എത്തിയിരുന്നു. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഒന്നരവർഷം മുമ്പാണ് അർജുൻ എആർ ക്യാമ്പിൽനിന്ന് പട്ടാമ്പി ട്രാഫിക് യൂണിറ്റിലേക്കെത്തുന്നത്.
വ്യാഴാഴ്ച മദ്യപിച്ച നിലയിൽ ഷൊർണൂർ ടൗണിലും പൊലീസ് സ്റ്റേഷനിലും കണ്ടിരുന്നുവെന്ന് പൊലീസുകാർ പറയുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി അമ്മയ്ക്കൊപ്പം വിട്ടയച്ചതായിരുന്നു. ഡീ അഡിക്ഷൻ സെന്ററിൽ എത്തിക്കാനാവശ്യമായ നടപടിയെടുക്കാനും തീരുമാനിച്ചിരുന്നതായി ഇൻസ്പെക്ടർ പറഞ്ഞു.