Kerala Rain Alert: മുന്നറിയിപ്പില്ല! എങ്കിലും കരുതിയിരിക്കണം; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത
Kerala Rain Alert On Thiruvonam Day: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. തിരുവോണ ദിവസമാണ് ഇന്ന് മഴ കനക്കുമോ എന്ന മലയാളികളുടെ ആശങ്കയ്ക്ക് നേരിയ ആശ്വാസം. എന്നാൽ നിലവിൽ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. സംസ്ഥാനത്ത് ഇന്നലെ വരെയാണ് മഴ മുന്നറിയിപ്പുകൾ നിലനിന്നിരുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ നാല് ജില്ലകളിലാണ് ഇന്നലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നതാണ് സംസ്ഥാനത്ത് നിലവിലുള്ള മഴയ്ക്ക് കാരണം. മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും ഉണ്ട്. ഈ സാഹചര്യത്തിൽ സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതാണ്. അല്ലാത്തപക്ഷം അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുക.
തിരുവോണ ദിവസം മഴ കനക്കുമെന്ന ആശങ്കിയിലായിരുന്നു മലയാളികൾ. എന്നാൽ മഴ മുന്നറിയിപ്പില്ലാത്തത് വലിയ ആശ്വാസമാണ്. ഓണമുണ്ണാൻ കാത്തിരിക്കുന്ന മലയാളികൾക്ക് വെല്ലുവിളിയായി ഉത്രാടം ദിവസം വരെ അലർട്ടുകൾ നിലനിന്നിരുന്നു. അതേസമയം വരും മണിക്കൂറിൽ ചില പ്രദേശങ്ങളിൽ മാത്രം നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് നിലവിലുള്ളത്.