Kerala SIR: എസ്‌ഐആറില്‍ പരാതിയുണ്ടോ? ഇന്ന് മുതല്‍ അറിയിക്കാം
Kerala SIR Draft Voter's List: കഴിഞ്ഞ ദിവസമാണ് എസ്‌ഐആര്‍ വിവര ശേഖരണത്തിന് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. 2.78 കോടി വോട്ടര്‍മാരില്‍ നിന്ന് 24,08,503 വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താണ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും അറിയിക്കാന്‍ ഇന്നുമുതല്‍ അവസരം. ജനുവരി 22 വരെയാണ് കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയാക്കാനാകുക. ഇതിന് ശേഷം ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും മറ്റ് പരിശോധനകളും നടക്കും. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് എസ്‌ഐആര്‍ വിവര ശേഖരണത്തിന് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. 2.78 കോടി വോട്ടര്‍മാരില്‍ നിന്ന് 24,08,503 വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇടം നേടാതെ പോയവര്‍ക്ക്, പേര് പുതുതായി ചേര്‍ക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധ രേഖകളും സമര്‍പ്പിച്ച് അപേക്ഷ നല്‍കാം. ഫോം 6 ആണ് പേര് ചേര്‍ക്കാനായി സമര്‍പ്പിക്കേണ്ടത്. ഇതിനോടൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം.
വിദേശത്തുള്ളവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഫോം 6 എ പൂരിപ്പിച്ച് നല്‍കണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എല്ലാ ഫോമുകളും ലഭ്യമാണെന്നും ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിച്ച് നല്‍കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
പേരിനൊപ്പം തന്നെ വിലാസം മാറ്റാനും തെറ്റുതിരുത്താനുമുള്ള അവസരമുണ്ട്. ഇതിനായി ഫോം 8 ആണ് നല്‍കേണ്ടത്. ആവശ്യമായ വിവരങ്ങളില്ലാത്ത അപേക്ഷകരെ അദാലത്തിന് വിളിക്കും. ഇതിന് ശേഷം അവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെങ്കില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാവുന്നതാണ്.