Rahul Mamkootathil: സഹതാപം സൗഹൃദമായി, ഗർഭിണിയായത് ഞാൻ കാരണമല്ല; രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkootathil Controversy: പോലീസിന് നേരിട്ട് പരാതി നൽകാതെ ശബ്ദസന്ദേശങ്ങളും ചാറ്റുകളും യുവതി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. ജോലി ചെയ്യുന്ന സ്ഥാനപത്തിൽ തുടരണമെങ്കിൽ തനിക്കെതിരെ പരാതി നൽകണമെന്ന് സ്ഥാപനം ആവശ്യപ്പെട്ടിരുന്നതായി യുവതി മുൻപ് തന്നോട് പറഞ്ഞിരുന്നതായും ഹർജിയിൽ പറയുന്നുണ്ട്.
തിരുവനന്തപുരം: യുവതി നൽകിയ പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് രാഹുൽ മുൻകൂർ ജാമ്യം തേടി ഹർജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരായ പീഡനക്കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, യുവതിയിട്ട് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. അതുകൊണ്ട് തന്നെ തനിക്കെതിരായ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും രാഹുൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.
രാഹുൽ നൽകിയ മുൻകൂർ ജാമ്യഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. പരാതി നൽകിയിരിക്കുന്ന യുവതിയുടെ വിവാഹശേഷമാണ് ഫെയ്‌സ്ബുക്കിലൂടെ ബന്ധം ആരംഭിക്കുന്നത്. ഗാർഹികപീഡനത്തിന് ഇരയായിരുന്നു യുവതി. ഇതെല്ലാം കേട്ടപ്പോൾ യുവതിയോട് സഹതാപം തോന്നുകയും അങ്ങനെ സൗഹൃദം വളരുകയുമായിരുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ബലാത്സംഗക്കുറ്റവും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന കുറ്റവും നിലനിൽക്കില്ലെന്ന് തന്നെയാണ് രാഹുലിൻ്റെ വാദം.
Also Read: പശ്ചാത്താപം ഉണ്ടെങ്കിൽ രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണം; വെള്ളാപ്പള്ളി നടേശൻ
താൻ കാരണം യുവതി ഗർഭിണിയായെന്ന് പറയുന്നത് ശരിയല്ല. യുവതിയുമായുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം മാത്രം. ഗർഭം അലസിപ്പിക്കാൻ യുവതി സ്വയം മരുന്ന് കഴിക്കുകയായിരുന്നു. അങ്ങനെയുള്ളപ്പോൾ താൻ എങ്ങനെയാണ് പ്രതിയാവുകയെന്നും ഹർജിയിൽ ചോദിക്കുന്നുണ്ട്. ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സിപിഎം-ബിജെപി നെക്‌സസാണ് ഇതിന് പിന്നിലുള്ളത്. ഈ കേസിലൂടെ ശബരിമല സ്വർണക്കൊള്ള മറയ്ക്കാനാണ് നീക്കമെന്നും ഹർജിയിൽ പറയുന്നു.
താനുമായിട്ടുള്ള ചാറ്റുകളും ഫോൺകോളുകളും യുവതി റെക്കോർഡ് ചെയ്തത് തന്റെ പ്രതിഛായ നശിപ്പിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. പോലീസിന് നേരിട്ട് പരാതി നൽകാതെ ശബ്ദസന്ദേശങ്ങളും ചാറ്റുകളും യുവതി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. ജോലി ചെയ്യുന്ന സ്ഥാനപത്തിൽ തുടരണമെങ്കിൽ തനിക്കെതിരെ പരാതി നൽകണമെന്ന് സ്ഥാപനം ആവശ്യപ്പെട്ടിരുന്നതായി യുവതി മുൻപ് തന്നോട് പറഞ്ഞിരുന്നതായും ഹർജിയിൽ പറയുന്നുണ്ട്.