Mukesh: മുകേഷിന്റെ രാജി ആവശ്യപ്പെട്ട് അണികള്‍; അംഗീകരിക്കില്ലെന്ന് കണ്‍വീനര്‍
Mukesh's Resignation: കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കില്ലെന്ന് പറയുന്നത് ബാലിശമാണ്. ഒരു കുറ്റകൃത്യത്തെ മറ്റൊന്നുകൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും പരിഹാരവും അതല്ല.
തിരുവനന്തപുരം: നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ നടപടിയാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇടതുപക്ഷ അനുഭാവികളാണ് സോഷ്യല്‍ മീഡിയയിലൂടെ എംഎല്‍എയുടെ രാജി ആവശ്യപ്പെടുന്നത്. മുകേഷിനെതിരെ ബലാത്സംഗ പരാതിയില്‍ കേസെടുത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് സ്വമേധയാ രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മുകേഷ് രാജിക്ക് തായാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ രാജി ആവശ്യപ്പെടാന്‍ തയാറാകണമെന്ന് അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കില്ലെന്ന് പറയുന്നത് ബാലിശമാണ്. ഒരു കുറ്റകൃത്യത്തെ മറ്റൊന്നുകൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും പരിഹാരവും അതല്ല. അധികാരത്തില്‍ ഇരിക്കുന്ന ഒരാള്‍ കുറ്റം ചെയ്‌തെന്ന് കണ്ടെത്തുകയും സര്‍ക്കാര്‍ക്കാര്‍ അത് പരിശോധിക്കുമെന്ന് പറയുകയും ചെയ്യുമ്പോള്‍ അതിന്റെ സത്യസന്ധതയും നീതിപൂര്‍വതയും ചോദ്യം ചെയ്യുപ്പെടുന്നു. ഇതെല്ലാം ഗൗരവത്തോടെ തന്നെ സംസ്ഥാന സര്‍ക്കാര്‍ കാണമെന്നും അവര്‍ പറഞ്ഞു.
അതേസമയം, മുകേഷിന്റെ രാജിയാവശ്യം അംഗീകരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സമാനമായ പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോ എന്ന് ഇപി ജയരാജന്‍ ചോദിച്ചു. മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിന് സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തിരിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും നടപടി സ്വീകരിച്ചുവരികയാണ്.
Also Read: Mukesh: മുകേഷ് എംഎല്‍എയ്‌ക്കെതിരെയും കേസ്; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആരോടും മമത കാണിക്കില്ല. തെറ്റിന് തീര്‍ച്ചയായും ശിക്ഷ ലഭിക്കും. എല്ലാം കാത്തിരുന്ന് കാണാമെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, മുകേഷ് വിഷയത്തില്‍ പാര്‍ട്ടിയും എല്‍ഡിഎഫും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംഎ ബേബി പറഞ്ഞു. ആദ്യ വിഷയം ഉണ്ടായപ്പോള്‍ ജനപ്രിയനായ നടനെതിരെ പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. അയാള്‍ കുറെ കാലം ജയിലില്‍ കഴിഞ്ഞു. മാധ്യമങ്ങള്‍ അതൊന്നും കാണിക്കുന്നില്ല. വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തിലാണ് അന്ന് ഹേമ കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും എംഎ ബേബി പറഞ്ഞു.
ഇപ്പോള്‍ ലോക്‌സഭയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എംപിമാര്‍ക്കെതിരെ സമാനമായ ആക്ഷേപമുണ്ട്. അവര്‍ക്കൊന്നുമെതിരെ കാണിക്കാത്തതാണ് കൊല്ലം എംഎല്‍എക്കെതിരെ കാണിക്കുന്നത്. പാര്‍ട്ടിയുടെ ഘടകവുമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തനിക്ക് അഭിപ്രായം പറയാന്‍ സാധിക്കൂ. താന്‍ നിസാരവല്‍ക്കരിക്കുകയല്ലെന്നും ഒറ്റയ്ക്ക് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും എംഎ ബേബി പറഞ്ഞു.
അതേസമയം, നടിയുടെ പരാതിയില്‍ ഏഴ് കേസിലും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടവേള ബാബു, ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏഴ് പേര്‍ക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അടുത്ത ദിവസം കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. നിലവില്‍ 7 പേര്‍ക്കെതിരെയും വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഇതെല്ലാം ഒരൊറ്റ 164 സ്റ്റേറ്റ്‌മെന്റ് ആക്കാനാണ് പോലീസ് തീരുമാനം.
അമ്മയില്‍ അംഗത്വവും സിനിമയില്‍ ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് മുകേഷിനെതിരെയുള്ള പരാതി. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയത്.
നടന്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയന്നൊണ് പരാതി. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചേര്‍ത്തിരിക്കുന്നത്.
Also Read: Hema Committee Report: യുവനടിയുടെ പരാതി; ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നടന്‍ ഇടവേള ബാബുവിനെതിരെയുള്ള പരാതി. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് എടുത്തത്. 376 വകുപ്പ് പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ഫോര്‍ട്ട് കൊച്ചി പോലീസാണ് നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ കേസ് എടുത്തത്. ഐപിസി 356, 376 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെയും പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. എക്‌സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഇവരെ കൂടാതെ സിനിമാ ലൊക്കേഷന്‍ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരനെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ബലാത്സംഗ വകുപ്പ് ചുമത്തിയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസ് എടുത്തത്.