5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: സ്വർണ ബിംബമാണെന്ന് കരുതിയ ആരാധനാപാത്രങ്ങൾ ചെമ്പോ ഈയമോ കാരിരുമ്പോ ആയിരിക്കാം: ടി പത്മനാഭൻ

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ ടി പത്മനാഭൻ. റിപ്പോർട്ടിൽ നിന്ന് കുറേ കടലാസുകൾ സർക്കാർ ‌മാറ്റിയെന്നും എന്തിനായിരുന്നു ഇതെന്നും അദ്ദേഹം ചോദിച്ചു. ഒരുപാട് ബിംബങ്ങളാണ് റിപ്പോർട്ട് പുറത്തുവന്നതോടെ തകർന്നുവീണത്. റിപ്പോർട്ടിലുള്ള തിമിം​ഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

Hema Committee Report: സ്വർണ ബിംബമാണെന്ന് കരുതിയ ആരാധനാപാത്രങ്ങൾ ചെമ്പോ ഈയമോ കാരിരുമ്പോ ആയിരിക്കാം: ടി പത്മനാഭൻ
Follow Us
athira-ajithkumar
Athira CA | Published: 29 Aug 2024 16:44 PM

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ ടി പത്മനാഭൻ. മാദ്ധ്യമ പ്രവർത്തകർ വിവരാവകാശം നൽകിയതിന്മേൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ റിപ്പോർട്ടിൽ നിന്ന് കുറേ കടലാസുകൾ സർക്കാർ ‌മാറ്റിയെന്നും എന്തിനായിരുന്നു ഇതെന്നും അദ്ദേഹം ചോദിച്ചു. ഇരയുടെ കൂടെയാണെന്നാണ് സർക്കാർ പറയുന്നതെന്നും എന്നാൽ അങ്ങനെയാണോയെന്നും അദ്ദേഹം ആരാഞ്ഞു. ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമം കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് പുറത്തുവന്നതോടെ ഒരുപാട് ബിംബങ്ങൾ തകർന്നുവീണു. റിപ്പോർട്ടിലുള്ള തിമിം​ഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലാണ്. ഊഹാപോഹങ്ങൾക്ക് ഇടവരാൻ സർക്കാർ അനുവദിക്കരുത്. അതിനുള്ള സാഹചര്യമുയർന്നാൽ നിരപരാധികളെ കുറിച്ചും സംശയമുയരും. ആ പേരുകളും റിപ്പോർട്ടിലുണ്ടെന്ന് പൊതുസമൂഹം വിചാരിക്കും. അത് സംഭവിക്കരുത്. എല്ലാ കാർഡുകളും എടുത്ത് മേശപ്പുറത്തിടണമെന്നും ടി. പത്മനാഭൻ ആവശ്യപ്പെട്ടു.

സിനിമ മേഖലയിൽ അമ്മ(AMMA) എന്ന സംഘടന എന്തിനായിരുന്നു, താര ഷോകൾ സംഘടിപ്പിച്ച് പിന്നോക്കാവസ്ഥയിലുള്ള കലാകാരന്മാർക്ക് മാസവേതനം നൽകുന്ന പ്രവർത്തികളായിരുന്നു സംഘടന ചെയ്തുവന്നിരുന്നത്. എന്നാൽ ഇതിന്റെയെല്ലാം മറവിൽ ഒരു കൂട്ടം വ്യക്തികള്‌‍ ചെയ്തത് സങ്കടപ്പെടുത്തുന്ന കാര്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഓരോരോ സംഭവങ്ങൾ പുറത്തുവന്നത്. മുമ്പ് ഈ വിഷയത്തെ കുറിച്ച് അവർ ചർച്ച ചെയ്തിട്ടേ ഇല്ലാല്ലോ. ഇങ്ങനെയെല്ലാം ഇൻഡസ്ട്രിയിൽ നടക്കുന്നുണ്ടെന്ന് പോലും അറിഞ്ഞത് ഇപ്പോഴാണ്. ഇങ്ങനെ ഒരു സംഘടനയെക്കൊണ്ട് എന്താണ് ഒരു ഉപകാരം എന്ന് സ്വയം ചോദിച്ചു പോകുന്നില്ലേ- പത്മനാഭൻ ചോദിച്ചു.

ഇടതുപക്ഷം മുകേഷിന്റെ കാര്യത്തിൽ പുനർചിന്തനം നടത്തേണ്ടതാണ്. അദ്ദേഹത്തെ നയരൂപീകരണ കമ്മിറ്റിയിൽ ഇപ്പോഴും വെച്ചിരിക്കുകയാണ്. ഇതിൽ എന്ത് മെച്ചമാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എം മുകേഷ് എംഎൽഎയ്ക്ക് നേരെ ലെെം​ഗികാരോപണം ഫയർന്നതിന് പിന്നാലെ ഇടതുപാളയത്തിലും വിള്ളലുകളുണ്ടായി. മുകേഷ് രാജിവെക്കുന്നതാണ് നല്ലതെന്ന് സിപിഐയും രാജിവെക്കേണ്ട കാര്യമില്ലെന്ന് സിപിഎമ്മും നിലപാടെടുത്തതോടെയാണ് ഇടതുമുന്നണിയിൽ പോര് രൂക്ഷമായത്.

എം മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിപ്രായപ്പെട്ടു. സിപിഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുകേഷും സിപിഎമ്മുമാണ്. നിരവധി ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയ‍ർന്നിരിക്കുന്നത്. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. ലെെം​ഗികാരോപണത്തിൽ പൊലീസ് കേസെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മുകേഷ് കാര്യങ്ങൾ വിശദീകരിച്ചു.

പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുന്നണിക്കുള്ളിൽ നിന്ന് തന്നെ രാജി ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് മുകേഷ് മുഖ്യമന്ത്രിയെ കണ്ടത്. പരാതിക്കാരി പണം തട്ടാൻ ശ്രമിച്ചതിനുള്ള തെളിവുകളും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണത്തിൽ കേസെടുത്തതോടെ മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി.

Latest News