Nimisha Priya: നിമിഷ പ്രിയയുടെ മോചനത്തിനായി യമനില്‍ നിര്‍ണായകയോഗം, വധശിക്ഷ ഒഴിവാകുമോ?
Nimisha Priya Case Updates: യോഗത്തിൽ യെമൻ സർക്കാരിന്റെ പ്രതിനിധികളും, യെമനിലെ സുപ്രീം ജഡ്ജി, മരിച്ച തലാലിന്റെ സഹോദരനും പങ്കെടുക്കും. നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ അഭ്യർഥനയെത്തുടർന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ ഇടപെടലാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്
നിമിഷ പ്രിയയുടെ മോചനത്തിനായി യമനില്‍ നിര്‍ണായക യോഗം നടക്കുന്നു. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് യോഗം. യോഗത്തിൽ യെമൻ സർക്കാരിന്റെ പ്രതിനിധികളും, യെമനിലെ സുപ്രീം ജഡ്ജി, മരിച്ച തലാലിന്റെ സഹോദരനും പങ്കെടുക്കും. നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ അഭ്യർഥനയെത്തുടർന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ ഇടപെടലാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. തലാലിന്റെ കുടുംബം ദയാധനം സ്വീകരിച്ച് നിമിഷ പ്രിയയ്ക്ക് മാപ്പു നല്‍കുമെന്നാണ് പ്രതീക്ഷ.
ശ്രമങ്ങൾ ഫലം കാണുമെന്നും നിമിഷ പ്രിയ മോചിതയാകുമെന്നും പ്രതീക്ഷിക്കുന്നതായി നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ കോർ കമ്മിറ്റി അംഗം ദിനേശ് നായർ പറഞ്ഞു. യെമനിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ, നിമിഷ പ്രിയയുടെ മോചനം ഉറപ്പാക്കുന്നതിനുള്ള ഒരു പ്രായോഗിക സമീപനമായിട്ടാണ് നിലവിലെ നീക്കങ്ങളെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബര്‍ സെക്രട്ടറി ജനറല്‍ കൂടിയാണ് ദിനേശ് നായര്‍.
നിമിഷ പ്രിയയുടെ മോചനത്തിന് സഹായിക്കാൻ ലീഗൽ എയ്ഡ് കമ്മിറ്റി ട്രസ്റ്റ് സന്നദ്ധത പ്രകടിച്ചിട്ടുണ്ട്. അബ്ദുൾ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ബാക്കി തുക നിമിഷ പ്രിയയ്ക്കായി നല്‍കാനാണ് പദ്ധതി.
നിമിഷ പ്രിയയെ രക്ഷിക്കാൻ നിലവിലെ നയതന്ത്ര പരിമിതികൾക്കിടയിൽ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സംഭവം നിര്‍ഭാഗ്യകരമാണെന്നും, ചെയ്യാന്‍ കഴിയുന്നത്ര ചെയ്തിട്ടുണ്ടെന്നും അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി പറഞ്ഞു.
Read Also: Nimisha Priya: നിമിഷപ്രിയയുടെ മോചനം; സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് പ്രതിനിധി സംഘം
തലാൽ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. തലാലിന്റെ കുടുംബത്തിന് ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, കുടുംബം ഇതുവരെ ഈ ഓഫര്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കുടുംബത്തിന്റെ നിലപാട് മാറുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂര്‍ ക്ഷണിതാവായി പങ്കെടുത്തു.