AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Devaswom Board: ക്ഷേത്രങ്ങളിലെ സ്വർണം തൊട്ടാലുടൻ പിടി വീഴും, ഡിജിറ്റൽ പൂട്ടിട്ട് ദേവസ്വം ബോർഡ്

Digital Lock for Temple's assets: ശബരിമലയിലും ആറന്മുളയിലും സ്‌ട്രോങ് റൂമുകള്‍ ഡിജിറ്റലാക്കും. തുടര്‍ന്ന് അതേമാതൃകയില്‍ ദേവസ്വം ബോര്‍ഡിന്റെ ബാക്കിയുള്ള സ്‌ട്രോങ് റൂമുകളിലും നടപ്പാക്കും

Devaswom Board: ക്ഷേത്രങ്ങളിലെ സ്വർണം തൊട്ടാലുടൻ പിടി വീഴും, ഡിജിറ്റൽ പൂട്ടിട്ട് ദേവസ്വം ബോർഡ്
Sabarimala Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 21 Oct 2025 | 06:40 AM

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ സ്വർണവും മറ്റ് സ്വത്തുക്കളെയും കുറിച്ചുള്ള വിവരങ്ങൾക്ക് ഡിജിറ്റൽ ലോക്കിട്ട് ദേവസ്വം ബോർഡ്. സ്വർണവും സ്വത്തുക്കളും ആരുതൊട്ടാലും കമ്പ്യൂട്ടറിലറിയുന്ന രീതിയിലാണ് പുതിയ സംവിധാനം. ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം.

ഇനിമുതൽ സ്വർണവും മറ്റ് സ്വത്തുക്കളും സ്ട്രോങ് റൂമില്‍നിന്ന് ശ്രീകോവിലിലേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റുമ്പോഴോ അറ്റകുറ്റപ്പണിക്കായി എടുക്കുമ്പോഴോ എല്ലാവിവരവും മഹസര്‍സഹിതം ഡിജിറ്റലാക്കും. ഇതിനുള്ള സോഫ്‌റ്റ്‌വെയർ ദേവസ്വം ബോര്‍ഡിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) നല്‍കി. സൗജന്യമായാണ് സോഫ്‌റ്റ്‌വെയർ നൽകിയത്.

‘സ്വത്തുക്കളുടെ കണക്കും മറ്റുവിവരങ്ങളും പൂര്‍ണമായി ഡിജിറ്റലാകും. ഏതുവിധത്തിലുള്ള കൈകാര്യങ്ങളും അതു ചെയ്തവരുടെ വിവരങ്ങളും ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ ഉടൻ ലഭ്യമാകും’ എന്ന് ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

ALSO READ: ‘കനകദുര്‍ഗയെയും, ബിന്ദു അമ്മിണിയെയും പമ്പയില്‍ എത്തിച്ചത് പൊലീസ് വാനില്‍, അവര്‍ക്ക് പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തു’

ആദ്യം ശബരിമലയിലും ആറന്മുളയിലും സ്‌ട്രോങ് റൂമുകള്‍ ഡിജിറ്റലാക്കും. തുടര്‍ന്ന് അതേ മാതൃകയില്‍ ദേവസ്വം ബോര്‍ഡിന്റെ ബാക്കിയുള്ള സ്‌ട്രോങ് റൂമുകളിലും നടപ്പാക്കും. ഇതിന് ആറുമാസത്തോളം സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചു.

തിരുവാഭരണങ്ങള്‍, സാളഗ്രാമം, സ്വര്‍ണ-വെള്ളിക്കട്ടികള്‍, ആഭരണങ്ങള്‍, രത്‌നക്കല്ലുകള്‍, പ്രഭാമണ്ഡലം, വിവിധരൂപത്തിലുള്ള വിഗ്രഹങ്ങള്‍, പട്ടുപരിവട്ടം, ഭരണികള്‍, വിലപിടിപ്പുള്ളതും പുരാവസ്തുമൂല്യമുള്ളതുമായ നിലവിളക്കുകള്‍, മണികള്‍, പാത്രങ്ങള്‍, ഉരുളികൾ, പുരാവസ്തുമൂല്യമുള്ള മര ഉരുപ്പടികള്‍, ആനക്കൊമ്പുകള്‍, ആനക്കൊമ്പിലുള്ള ഉരുപ്പടികള്‍, ഫര്‍ണിച്ചര്‍, ക്ലോക്കുകള്‍, ചിത്രങ്ങള്‍, പുസ്തകങ്ങള്‍, ശംഖുകള്‍ തുടങ്ങിയവയാണ് ഡിജിറ്റലിലാക്കുന്നത്.