Diwali 2025 crackers : ദീപാവലിയാണ് പടക്കം പൊട്ടിക്കും… പക്ഷെ ഇതൊക്കെ ശ്രദ്ധിക്കണേ…. നിർദ്ദേശവുമായി പോലീസ്
Diwali 2025 Police Safety Rules: പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്നും മുന്നറിയിപ്പുണ്ട്.
DiwaliImage Credit source: Getty Images
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പടക്കങ്ങൾ അടക്കമുള്ള കരിമരുന്നുകളുടെ ഉപയോഗത്തിൽ പൊതുജനങ്ങൾ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് അറിയിച്ചു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്നും മുന്നറിയിപ്പുണ്ട്.
പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ
- ദീപാവലി ദിനത്തിൽ നിയമപ്രകാരമുള്ള നിർദ്ദിഷ്ട സമയങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂ.
- ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളിൽ 100 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
- അംഗീകൃത ലൈസൻസികളിൽ നിന്നുള്ള നിയമപ്രകാരമുള്ള പടക്കങ്ങൾ മാത്രമേ വാങ്ങാവൂ.
പടക്കം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ
- കരിമരുന്നു വസ്തുക്കൾ ഉപയോഗിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
- പടക്കങ്ങൾ തുറസായ സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുക. ഓല ഷെഡുകൾ, വൈക്കോൽ എന്നിവയ്ക്ക് സമീപം ഉപയോഗിക്കരുത്. കെട്ടിടങ്ങളോട് ചേർത്തും പൊട്ടിക്കാൻ പാടില്ല.
- പടക്കം പൊട്ടിക്കുന്ന സ്ഥലത്തിന് സമീപം ഒരു ബക്കറ്റിൽ വെള്ളവും മണലും കരുതുക.
- ഇറുകിയ കോട്ടൺ തുണികൾ ധരിക്കുക. സുരക്ഷയ്ക്കായി ഷൂ, കണ്ണട എന്നിവ ഉപയോഗിക്കുക.
- പടക്കങ്ങളുടെ കവറുകളിൽ എഴുതിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. കൈ നീട്ടിപ്പിടിച്ച് അകലേക്ക് ആക്കി മാത്രം പടക്കങ്ങൾ കൈകാര്യം ചെയ്യുക.
- മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം കുട്ടികളെ പടക്കങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുക. കുട്ടികളെ പരമാവധി അകലേക്ക് മാറ്റി നിർത്തുക.
- ഒരിക്കൽ ഉപയോഗിച്ചിട്ട് പൊട്ടാത്തവ വീണ്ടും ഉപയോഗിക്കരുത്. അവ ഉടൻ തന്നെ വെള്ളമോ മണലോ ഉപയോഗിച്ച് നിർവീര്യമാക്കുക.
- കത്തിച്ചുവെച്ച വിളക്കുകളോ ചന്ദനത്തിരികളോ പടക്കങ്ങളുടെ സമീപം വെക്കരുത്. പടക്കങ്ങൾ കത്തിച്ച് പുറത്തേക്ക് എറിഞ്ഞു കളിക്കരുത്. അടച്ചുവെച്ച കണ്ടെയ്‌നറുകൾക്കുള്ളിൽ ഉപയോഗിക്കരുത്.
- പടക്കങ്ങൾ ഉപയോഗിച്ച് പൊള്ളലുണ്ടാവുന്ന ഭാഗത്ത് 10 മിനിറ്റോളം ധാരാളം തണുത്ത വെള്ളം ഒഴിക്കുക.
- അപകടരഹിതവും സുരക്ഷിതവുമായ ദീപാവലി ആഘോഷത്തിന് പൊതുജനങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.