Medical College Doctor’s Strike: ധൈര്യമായി ആശുപത്രിയില്‍ പോകാം; ഡോക്ടര്‍മാരുടെ സമരം മാറ്റിവെച്ചു
Government Doctors Strike Kerala: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പളം-ഡിഎ കുടിശിക പൂര്‍ണമായും നല്‍കുക, താത്കാലിക-കൂട്ടസ്ഥലംമാറ്റം ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കാനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ജനുവരി 13 ചൊവ്വ മുതല്‍ സമരം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആരോഗ്യവകുപ്പുമായി നടന്ന ചര്‍ച്ച അനുകൂലമായതോടെ സമരം മാറ്റിവെക്കുകയാണെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ നടപ്പായില്ലെങ്കില്‍ സമരം തുടരാനും തീരുമാനമുണ്ട്.
എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ, ധനകാര്യ മന്ത്രിമാരുമായിട്ടായിരുന്നു ചര്‍ച്ച. ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്നും, അതില്‍ തൃപ്തിയുണ്ടെന്നും കെജിഎംസിറ്റിഎ അറിയിച്ചു.
ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പളം-ഡിഎ കുടിശിക പൂര്‍ണമായും നല്‍കുക, താത്കാലിക-കൂട്ടസ്ഥലംമാറ്റം ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. നേരത്തെയും കെജിഎംസിറ്റിഎയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ഇതേ വിഷയങ്ങളിലൂന്നി നടന്നിരുന്നു.
കഴിഞ്ഞ നവംബറില്‍ ആരോഗ്യമന്ത്രിയും ഡോക്ടര്‍മാരും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ഇതില്‍ ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ നടപടിയില്ലാതായതോടെ വീണ്ടും സമര പരിപാടികള്‍ ആരംഭിക്കുകയായിരുന്നു.
Also Read: Medical College Doctors Strike: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നാളെ മുതല്‍ സമരത്തിലേക്ക്
സമരത്തിന്റെ ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജില്‍ അധ്യാപനം നിര്‍ത്തിവെക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പിന്നീടുള്ള ആഴ്ചയില്‍ അടിയന്തരമല്ലാത്ത ചികിത്സകള്‍ നിര്‍ത്തിവെച്ചും സമരം തീരുമാനിച്ചിരുന്നു. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു, കിടത്തി ചികിത്സ, അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയവയെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കാനും സംഘടന തീരുമാനിച്ചിരുന്നു.