Dr MK Muneer: ഡോ. എം.കെ. മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതി
Dr MK Muneer Health Update: കൊടുവള്ളി എംഎല്‍എയായ മുനീര്‍ കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഡോ. എം.കെ. മുനീർ
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ ഡോ. എം.കെ. മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മുനീര്‍ ചികിത്സയില്‍ കഴിയുന്നത്. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൊടുവള്ളി എംഎല്‍എയായ മുനീര്‍ കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.
നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും കേട്ട് പരിഹാരം കണ്ടെത്താന്‍ മുനീര്‍ സംഘടിപ്പിച്ച ‘ഗ്രാമയാത്ര’ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. വിവിധ പഞ്ചായത്തുകളില്‍ ഗ്രാമയാത്ര സംഘടിപ്പിച്ചു. പരാതികള്‍ അറിയിക്കാന്‍ നിരവധി പേരാണ് എത്തിയത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എംഎല്‍എ ജനങ്ങളുടെ പരാതികള്‍ കേട്ടു.
സര്‍ക്കാര്‍ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാകാത്ത പ്രശ്‌നങ്ങള്‍, വികസനപ്രശ്‌നങ്ങള്‍, സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ എംഎല്‍എയെ അറിയിക്കാന്‍ ജനങ്ങള്‍ക്ക് ഗ്രാമയാത്രയിലൂടെ നേരിട്ട് അവസരം ലഭിച്ചു. വിവിധ പരാതികള്‍ക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉടനടി പരിഹാരം കണ്ടെത്താനുമായി.