Sabarimala: ഏറന്നൂർ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി
Sabarimala Melsanthi: പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ്മയാണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്.

Sabarimala Melsanthi
പത്തനംതിട്ട: വരും വർഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർകുന്ന് എറന്നൂർ മനയിൽ ഇ ഡി പ്രസാദിനെ തിരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ്മയാണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്.
മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ മൈഥിലി വർമ്മയാണ് മാളികപ്പുറത്തെ നറുക്കെടുത്തത്.നിലവിൽ ആറേശ്വരം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ മേൽശാന്തിയാണ് പ്രസാദ്. ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിന് ശേഷമാണ് മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്.
മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനം ഉണ്ടെന്ന് പ്രസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. മേൽശാന്തി പദവിക്കുവേണ്ടി മൂന്നാം തവണയാണ് പ്രസാദ് അപേക്ഷിക്കുന്നത്. ഭഗവാൻ തന്റെ അപേക്ഷ സ്വീകരിച്ചു എന്നും പ്രസാദ് പ്രതികരിച്ചു. അതേസമയം തുലാമാസ പൂജകൾക്കായി ഇന്നലെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. സാധാരണ മാസ പൂജയ്ക്കായി വൈകിട്ട് 5നാണ് നട തുറക്കുന്നതെങ്കിലും ദ്വാരപാലകശിൽപങ്ങളിൽ നവീകരിച്ച സ്വർണ്ണ പാളികൾ ഉറപ്പിക്കാനുള്ളതിനാൽ ഇത്തവണ നാലുമണിക്ക് നട തുറന്നു. പതിനെട്ടാം പടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണ് തീർത്ഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കുക.