Erumeli Fire Accident: എരുമേലിയിൽ വീടിന് തീപിടിച്ച സംഭവം; മരണം മൂന്നായി
Erumeli House Fire Incident: അന്നേ ദിവസം രാവിലെ ഒരു യുവാവ് സുഹൃത്തുക്കളോടൊപ്പം ഇവരുടെ വീട്ടിൽ എത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായാണ് വിവരം.

എരുമേലി (കോട്ടയം): എരുമേലി കനകപാലത്ത് വീടിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റവരിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സത്യപാലന്റെയും മകൾ അഞ്ജലിയുടെയും മരണം അധികൃതർ സ്ഥിരീകരിച്ചു. സത്യപാലന്റെ ഭാര്യ സീതമ്മ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ചയോടെ ശ്രീനിപുരം കോളനിക്ക് സമീപമായിരുന്നു സംഭവം. അന്നേ ദിവസം രാവിലെ ഒരു യുവാവ് സുഹൃത്തുക്കളോടൊപ്പം ഇവരുടെ വീട്ടിൽ എത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായാണ് പറയപ്പെടുന്നത്. അവർ മടങ്ങിയതിന് പിന്നാലെ ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായതായും പിന്നാലെ വീടിനുള്ളിൽ നിന്ന് തീ പടരുകയായിരുന്നു എന്നുമാണ് വിവരം. തീ പടർന്നത് എങ്ങനെ എന്നത് സംബന്ധിച്ച കാര്യത്തിൽ വ്യക്തതയില്ല. കുടുംബ കലഹത്തെ തുടർന്ന് സീതമ്മ വീടിന് തീയിട്ടുവെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: താമരശ്ശേരി ഷഹബാസ് വധക്കേസ്: ആരോപണവിധേയരായ വിദ്യാർത്ഥികളുടെ ജാമ്യം റദ്ദാക്കി
വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടെത്തിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും സീതമ്മ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സത്യപാലനെയും മക്കളായ അഞ്ജലിയെയും ഉണ്ണിക്കുട്ടനെയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.