ഓണം മുന്നിൽ, സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ച് സർക്കാർ
Government allocated Rs 100 crore to Supplyco: ബജറ്റിൽ വിപണി ഇടപെടലിന് സപ്ലെയ്കോക്ക് 250 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ഇപ്പോൾ 100 കോടി അനുവദിച്ചതോടെ ഓണക്കാലത്തേക്കുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ സാധിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

ഓണക്കാല വിപണിയെ മുൻനിർത്തി സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ച് ധനകാര്യ വകുപ്പ്. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നതെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
ഈ വർഷം ബജറ്റിൽ വിപണി ഇടപെടലിന് സപ്ലെയ്കോക്ക് 250 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ഇപ്പോൾ 100 കോടി അനുവദിച്ചതോടെ ഓണക്കാലത്തേക്കുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ സാധിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കഴിഞ്ഞവർഷം 489 കോടി രൂപയാണ് നൽകിയത്. ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരുത്തിയതെങ്കിലും 284 കോടി രൂപ അധികമായി നൽകുകയായിരുന്നു.
ALSO READ: നിലമ്പൂരില്‍ നാളെ വിധിപ്രഖ്യാപനം; എല്‍ഡിഎഫിനും, യുഡിഎഫിനും ഒരുപോലെ നിര്‍ണായകം, ചങ്കിടിപ്പ്
‘2011 – 2012 മുതൽ 2024 – 2025വരെയുള്ള 15 വർഷം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി ആകെ 7630 കോടി രൂപയാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തിൽ ഇതിൽ 410 കോടി രൂപ മാത്രമാണ് നൽകിയിട്ടുള്ളതെന്നും ബാക്കി 7220 കോടി രൂപയും എൽഡിഎഫ് സർക്കാരുകളാണ് അനുവദിച്ചതെന്നും’ ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
അതേസമയം, ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി അറിയിച്ചിരുന്നു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച അനുവദിച്ചു. കൂടാതെ, ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയമാണ് അനുവദിച്ചത്.