Air India Plane Crash: അഹമ്മദാബാദ് വിമാനാപകടം: തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം; രണ്ടാമതൊരു ബന്ധുവിന്‍റ ഡിഎൻഎ സാമ്പിൾ ശേഖരിക്കും
Ahmedabad Air India Plane Crash:രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നാൽ ഫലം വൈകുന്നതിനാൽ അദ്ദേഹവും ഒരു ബന്ധുവും സ്ഥലത്ത് തുടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.

രാജ്യത്തെ തന്നെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ശനിയാഴ്ച വൈകിട്ട് ആറ് വരെയുള്ള കണക്കനുസരിച്ച് 247 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ 232 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. എട്ടുപേർ നൽകിയ സാംപിളുകൾ ഇനിയും പൊരുത്തപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാമതും ഡിഎൻഎ സാമ്പിളുകൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടു.
അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ലെന്നാണ് റിപ്പോർട്ട്. രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നാൽ ഫലം വൈകുന്നതിനാൽ അദ്ദേഹവും ഒരു ബന്ധുവും സ്ഥലത്ത് തുടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
ഡിഎൻഎ പൊരുത്തപ്പെടാതെ മൃതദേഹങ്ങൾ വിട്ടു നൽകില്ലെന്നാണ് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി പറയുന്നത്. ഇതോടെയാണ് രണ്ടാമതും ഡിഎൻഎ സാമ്പിളുകൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടത്. ഇതോടെ കൂടുതൽ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകുമെന്ന് അധികൃതർ കരുതുന്നു.
ഈ മാസം 12-ാം തീയതി അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ ബോയിംഗ് 787 വിമാനമാണ് മിനിറ്റുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1.39 ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു ഇത്. എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. വിമാനത്തിൽ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇത് ഉൾപ്പെടെ 270 പേരാണ് മരിച്ചത്.