പൊന്നാനിയിൽ കടലിൽവച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Ponnani Tragedy- Young Fisherman Dies, Two Injured After Lightning Strikes Boat: ബുധനാഴ്ച വൈകിട്ടോടെ റാഫി ഉൾപ്പെടെ നാലു പേർ ആണ് 'മസ്ജിദു നബവി' എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനായി പൊന്നാനി ഹാർബറിന് സമീപം കടലിലേക്ക് പുറപ്പെട്ടത്. രാത്രിയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയും വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികൾക്ക് പ്രഹരം ഏൽക്കുകയുമായിരുന്നു.
മലപ്പുറം: മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, മറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾക്കും പരുക്കേറ്റു. പൊന്നാനി മരക്കടവ് സ്വദേശി റാഫി (33) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മുഹമ്മദ് കുട്ടി, അശ്റഫ് എന്നീ മത്സ്യത്തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെ റാഫി ഉൾപ്പെടെ നാലു പേർ ആണ് ‘മസ്ജിദു നബവി’ എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനായി പൊന്നാനി ഹാർബറിന് സമീപം കടലിലേക്ക് പുറപ്പെട്ടത്. രാത്രിയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയും വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികൾക്ക് പ്രഹരം ഏൽക്കുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ കൂടെയുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ റാഫിയെയും പരിക്കേറ്റ മറ്റുള്ളവരെയും കരയിലെത്തിക്കാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ റാഫിയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായതോടെ, വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: സംസ്ഥാനത്ത് കനത്ത മഴ! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ശബരിമല തീർത്ഥാടകരും ശ്രദ്ധിക്കുക
ചികിത്സയിലിരിക്കെയാണ് റാഫിയുടെ മരണം. റാഫിയുടെ പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: പാത്തുട്ടി. സഹോദരങ്ങൾ: കോയ (കബഡി കോയ), സാദിഖ്, സീനത്ത്, മുംതാസ്, ജമീല. അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ടു പേരുടെ ചികിത്സ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും 30ാം തീയതി വരെ മഴ സാധ്യത തുടരുമെന്നുമാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും (26/11/2026) നാളെയും (27/11/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
29, 30 തിയതികളിൽ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary
A young man died after being struck by lightning while out at sea for fishing; two other fishermen sustained injuries. The deceased is 33-year-old Rafi, a native of Marakkadavu, Ponnani. The injured fishermen, Muhammad Kutty and Ashraf who were also in the boat are currently undergoing treatment at a hospital.