Pettimudi Landslide Disaster: നീറുന്ന ഓർമ്മകളിൽ കേരളം; പെട്ടിമുടി ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്, ഉരുളെടുത്തത് 70 ജീവനുകൾ
Five Years of Pettimudi Landslide: പെട്ടിമുടി ഡിവിഷനിലെ നാല് ലയങ്ങളിലെ 22 കുടുംബങ്ങളിലായി 82 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 12 പേരെ മാത്രമാണ് രക്ഷിക്കാനായത്.

പെട്ടിമുടി ദുരന്തം
ഇടുക്കി: മലയാളികളുടെ ഉള്ളുലച്ച പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 2020 ഓഗസ്റ്റ് ആറിനാണ് ഇടുക്കിയെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടൽ ഉണ്ടായത്. 70 പേർ മരിച്ച ദുരന്തത്തിൻ്റെ ഞെട്ടലിൽ നിന്ന് ഇനിയും പെട്ടിമുടിക്കാർ കരകയറിയിട്ടില്ല. പെട്ടിമുടി ഡിവിഷനിലെ നാല് ലയങ്ങളിലെ 22 കുടുംബങ്ങളിലായി 82 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 12 പേരെ മാത്രമാണ് രക്ഷിക്കാനായത്.
മൊബൈൽ സിഗ്നലുമില്ലാതിരുന്നതിനാൽ പിറ്റേന്ന് പുലർച്ചെയാണ് പുറംലോകം വിവരം അറിഞ്ഞത്. 19 ദിവസം നീണ്ടു നിന്ന തിരച്ചിലിൽ 66 മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. നാല് പേർ ഇന്നും കാണാമറയത്താണ്. പുത്തുമല ദുരന്തമുണ്ടായി ഒരാണ്ട് തികയുമ്പോഴായിരുന്നു പെട്ടിമുടിയിലും ഉരുൾപൊട്ടൽ ഉണ്ടായത്.
ദുരന്തം സംഭവിച്ച് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും ശ്മശാന ഭൂമിക്ക് സമാനമാണ് ഇന്നും ആ പ്രദേശം. അസ്ഥികൂടം പോലെ അങ്ങിങ്ങായി വീടുകളുടെ അവശിഷ്ടങ്ങൾ കാണാം. മണ്ണിനിടയിൽപെട്ട വാഹനങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പടെ ഇന്നും അവിടെ ദുരന്തത്തിന്റെ ഓർമ്മയായി തുടരുന്നു. 2020 ഓഗസ്റ്റിൽ പെട്ടിമുടിയിൽ തുടർച്ചയായ മഴയായിരുന്നു. ഒടുവിൽ കനത്ത മഴയിൽ ആറാം തീയതി ഉരുൾപൊട്ടി. 22 തൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശം ദുരന്തത്തിൽ അകപ്പെട്ടു,
ആകെ ഉണ്ടായിരുന്ന 82 പേരിൽ ജീവനോടെ രക്ഷപ്പെട്ട 12 പേർക്കും ശരീരത്തിലും മനസ്സിനും ഉണങ്ങാത്ത മുറിവുകളുണ്ടായി. അവർ പലയിടങ്ങളിലേക്ക് താമസം മാറി. വൈദ്യുതിയും മൊബൈൽ സിഗ്നലുമില്ലാതിരുന്നതിനാൽ അപകട വിവരം പുറത്തറിയുന്നത് ഒരു ദിവസം വൈകിയാണ്. പിറ്റേന്ന് തോട്ടത്തിലേക്ക് തൊഴിലാളികളെത്തിയപ്പോൾ കണ്ടത് വെറും ഒരു മൺകൂനയാണ്. 19 ദിവസം നീണ്ടു നിന്ന തിരച്ചിലിന് ഒടുവിലായിരുന്നു 66 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
ALSO READ: ഗാന്ധിപ്രതിമയിൽ കൂളിങ്ഗ്ലാസ് വെച്ചത് അധാർമികം, പക്ഷെ ശിക്ഷിക്കാനാകില്ല; കേസ് റദ്ധാക്കി ഹൈക്കോടതി
പെട്ടിമുടിയിലെ പൊതുശ്മശാനത്തോട് ചേർന്ന് ആ 66 പേരും ഇന്ന് അന്തിയുറങ്ങുന്നു. ദുരന്തത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടവർക്ക് സംസ്ഥാന സർക്കാരും കെഡിഎച്ച്പിയും ചേർന്ന് കുറ്റ്യാർവാലിയിൽ വീടുവച്ച് നൽകി. ദുരന്തമുണ്ടായ നാല് ലൈൻ പ്രദേശത്ത് ഇന്ന് വളരെ ചരുക്കം ആളുകൾ മാത്രമാണ് ഉള്ളത്.
സംസ്ഥാന സർക്കാരും കെഡിഎച്ച്‍പി കമ്പനിയും പുനരധിവാസം ഉറപ്പാക്കിയെങ്കിലും, മരിച്ചവരുടെ ഉറ്റവർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഇന്നും ലഭിച്ചിട്ടില്ല. മരിച്ചവരുമായി ബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതാണ് കാരണം. ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട രേഖകൾക്ക് ബദൽ സംവിധാനമൊരുക്കാൻ ദേവികുളം താലൂക്ക് ഓഫീസിൽ ഇവർ എത്തിയെങ്കിലും ഫലമുണ്ടായില്ല.