Neyyattinkara Food Poison: ചെമ്പല്ലി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 35 പേര്‍ ആശുപത്രിയില്‍
Neyyattinkara Fish Poisoning Updates: പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിലും കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ആളുകളെത്തിയത്. പിന്നീട് കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
നെയ്യാറ്റിന്‍കര: മീന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് നാല്‍പതോളം പേര്‍ ചികിത്സയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. കാഞ്ഞിരംകുളം, പുതിയതുറ, പുത്തന്‍കട, ഊരമ്പ് തുടങ്ങിയ ചന്തകളില്‍ നിന്ന് വാങ്ങിയ മീന്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചെമ്പല്ലി ഇനത്തില്‍പ്പെട്ട മീനാണ് എല്ലാവരും വാങ്ങിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ആളുകള്‍ ആശുപത്രികളിലെത്തിയത്. വയറിളക്കം, ഛര്‍ദി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിലും കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ആളുകളെത്തിയത്. പിന്നീട് കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കാരക്കോണം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും ആളുകള്‍ ചികിത്സയില്‍ കഴിയുന്നതായി വിവരമുണ്ട്. മീന്‍ പഴകിയതാണോ അല്ലെങ്കില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ആരംഭിച്ചു.




Also Read: Kollam Black Magic: മന്ത്രവാദത്തിന് വഴങ്ങിയില്ല; കൊല്ലത്ത് ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ചു
സുജിത്ത്, വത്സല, അഞ്ജന എസ് ജോസ്, മനു, മഞ്ജുള, മോഹനചന്ദ്രന്‍, ഷീല, ക്രിസ്തുദാസ്, സരള ജാസ്മിന്‍, ഷെറിന്‍, ത്രേസ്യ, ലക്ഷ്മണന്‍, മെറീന, മേരി സിലുവയ്യന്‍, മെര്‍ലിന്‍, ഷൈല പ്രവീണ്‍, അംബ്രോസ്, ജല തുടങ്ങിയവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.