Case Against YouTubers: രാത്രി വനത്തില്‍ കയറി വീഡിയോ ചിത്രീകരിച്ചു; വയനാട്ടിൽ യുട്യൂബർമാർക്കെതിരെ കേസ്
ഇവർ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി എത്തി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തു എന്നാണ് കേസ്.
വയനാട്: വയനാട്ടിൽ രാത്രിയിൽ വനത്തിൽ അനുമതിയില്ലാതെ കയറി വീഡിയോ ചിത്രീകരിച്ച യുറ്റ്യൂബര്‍മാര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് കേസെടുത്തത്. ഇവർ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി എത്തി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തു എന്നാണ് കേസ്.
ഇവർ ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ഇതാണ് കേസിലേക്ക് നയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏഴുപേരടങ്ങുന്ന സംഘം അനുമതിയില്ലാതെ അഞ്ചു ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിൽ പ്രവേശിച്ചത്. സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലുള്ള പാതിരി വനമേഖലയിലൂടെയാണ് ഇവര്‍ യാത്രചെയ്തത്.
Also Read:ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുറുവാ ദ്വീപിനും പുല്‍പ്പള്ളിക്കുമൊക്കെ അടുത്തായാണ് ഈ വനമേഖല സ്ഥിതിചെയ്യുന്നത്. വനഗ്രാമമായ ചേകാടിയിലേക്ക് പ്രവേശിക്കുന്ന ഗെയ്റ്റ് വഴി രാത്രിയിലാണ് ഇവര്‍ യാത്രചെയ്തത്. വന്യജീവികൾക്ക് ശല്യമാവുന്ന വിധത്തിൽ റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ അറിയിച്ചു.