PP Thankachan: യുഡിഎഫ് മുന്‍ കണ്‍വീനര്‍ പിപി തങ്കച്ചന്‍ അന്തരിച്ചു
P P Thankachan passes away: മുന്‍ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
കൊച്ചി: മുന്‍ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ആരോഗ്യനില ഗുരുതരമായത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും വളഷായി. കൃഷി മന്ത്രി, കെപിസിസി പ്രസിഡന്റ്, സ്പീക്കര്‍ തുടങ്ങിയ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ച്ചയായി മൂന്ന് തവണ പെരുമ്പാവൂരിന്റെ എംഎല്‍എയായി. 1991 ജൂലൈ ഒന്ന് മുതല്‍ 1995 മെയ് രണ്ട് വരെ സ്പീക്കറായി പ്രവര്‍ത്തിച്ചു. 1995ലെ എകെ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായി. 2001ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സാജു പോളിനോട് തോറ്റത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കനത്ത തിരിച്ചടിയായി മാറി. 2004ല്‍ കെപിസിസി പ്രസിഡന്റായി. 2005 മുതല്‍ 2018 വരെ യുഡിഎഫിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.
26-ാം വയസില്‍ നഗരസഭ അധ്യക്ഷന്‍
വളരെ ചെറിയ പ്രായത്തില്‍ തന്നെ പെരുമ്പാവൂര്‍ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്താന്‍ തങ്കച്ചന് സാധിച്ചിരുന്നു. 1968ല്‍ നഗരസഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 26 വയസ് മാത്രമായിരുന്നു തങ്കച്ചന്റെ പ്രായം. ആ സമയം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍മാനെന്ന റെക്കോഡും തങ്കച്ചന് സ്വന്തമായിരുന്നു.1980 വരെ നഗരസഭ ചെയര്‍മാനായി. മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1939 ജൂലൈ 29ന് അങ്കമാലിയിലായിരുന്നു ജനനം. വൈദികന്റെ മകനായായിരുന്നു ജനനം. അങ്കമാലി നായത്തോട് പൈനാടത്ത് ഫാ. പൗലോസായിരുന്നു തങ്കച്ചന്റെ പിതാവ്. തേവര എസ്എച്ച് കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ തങ്കച്ചന് അഭിഭാഷകനാകാനായിരുന്നു താല്‍പര്യം.
തങ്കച്ചന്റെ പിതാവിന്റെ അനിയനും അഭിഭാഷകനായിരുന്നു. ഇളയച്ചന്റെ അതേ പാത തങ്കച്ചനും തിരഞ്ഞെടുത്തു. എന്നാല്‍ പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. നഗരസഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് മത്സരിച്ചതെന്ന് ഒരിക്കല്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയം അദ്ദേഹത്തിന്റെ ജീവവായുവായി മാറി. പാര്‍ട്ടിയുടെ മണ്ഡലം വൈസ് പ്രസിഡന്റ് ചുമതലയിലാണ് തങ്കച്ചന്‍ തുടങ്ങിയത്. തുടര്‍ന്ന് ബ്ലോക്ക് പ്രസിഡന്റായി. വൈകാതെ എറണാകുളം ഡിസിസിയുടെ പ്രസിഡന്റ് സ്ഥാനവും തങ്കച്ചനെ തേടിയെത്തി. പതുക്കെ പതുക്കെ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവുമായി.
പരേതയായ ടി.വി. തങ്കമ്മയാണ് ഭാര്യ. ഡോ. രേഖ, ഡോ. രേണു, വര്‍ഗീസ് തങ്കച്ചന്‍ എന്നിവര്‍ മക്കളാണ്. ഡോ. സാമുവല്‍ കോശി, ഡോ. തോമസ് കുര്യന്‍, സെമിന വര്‍ഗീസ് എന്നിവരാണ് മരുമക്കള്‍. സംസ്‌കാരം പിന്നീട്.