Kanathil Jameela: അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എത്തിയ കമ്മ്യൂണിസ്റ്റുകാരി; വീട്ടമ്മയില്‍ നിന്നും വിപ്ലവകാരിയായി മാറിയ ജമീലയുടെ ജീവിതയാത്രയിലൂടെ
Kanathil Jameela Life Story: കാനത്തില്‍ ജമീല കൊയിലാണ്ടിയുടെ ജനപ്രതിനിധിയായി മാറിയത് ജീവിതത്തില്‍ അവര്‍ പോലും വിചാരിക്കാത്ത അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയായിരുന്നു
സംഭവബഹുലം എന്ന ഒറ്റ വാക്കുകൊണ്ട് കാനത്തില്‍ ജമീലയുടെ ജീവിതത്തെ വിശേഷിപ്പിക്കാം. വീട്ടമ്മയായി ഒതുങ്ങിക്കൂടിയിരുന്ന ജമീല കൊയിലാണ്ടിയുടെ ജനപ്രതിനിധിയായി മാറിയത് ജീവിതത്തില്‍ അവര്‍ പോലും വിചാരിക്കാത്ത അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയായിരുന്നു. 1995ലെ തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു എല്ലാത്തിനും തുടക്കം. ജനങ്ങള്‍ക്കൊപ്പം നടക്കാനും, നാടിനും നാട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനുമുള്ള അവസരം ഒരു നിയോഗം പോലെ ജമീലയെ തേടിയെത്തുകയായിരുന്നു.
വര്‍ഷം 1995. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ തേടുമ്പോള്‍ ആ നിയോഗം തനിക്ക് ലഭിക്കുമെന്ന് ജമീല സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ജമീല മത്സരിക്കണമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെപി കോയാമുക്ക ആവശ്യപ്പെട്ടതായിരുന്നു ജമീലയുടെ ജീവിതത്തിലെ വഴിത്തിരിവ്. പാര്‍ട്ടി പശ്ചാത്തലമുള്ള കുടുംബത്തിന്റെ പിന്തുണ കിട്ടിയതോടെ എന്നാല്‍ പിന്നെ മത്സരിച്ചിട്ടു തന്നെ കാര്യമെന്ന് ജമീലയും വിചാരിച്ചു.
തിരഞ്ഞെടുപ്പില്‍ ജമീല വിജയിച്ചു. ഒരു വാര്‍ഡംഗം മാത്രമാകുമെന്ന് വിചാരിച്ചിരുന്ന ജമീലയെ പഞ്ചായത്ത് പ്രസിഡന്റാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി ഏരിയാ സെക്രട്ടറി വിഎം ശ്രീധരന്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ജമീല ഞെട്ടിപ്പോയി. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത പദവിയിലേക്ക് താന്‍ എത്തപ്പെട്ടെന്ന യാഥാര്‍ത്ഥ്യം ആദ്യം അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അങ്ങനെ ജമീല പ്രസിഡന്റായി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
ഭരണനിര്‍വഹണത്തിന്റെ ‘എബിസിഡി’ അറിയിരുന്നില്ലെങ്കിലും എല്ലാം പഠിക്കാനും പ്രാവര്‍ത്തികമാക്കാനും ജമീല തീരുമാനിച്ചു. ഡയറിയില്‍ കുറിച്ചെടുത്താണ് പലതും സ്വായത്തമാക്കിയതെന്ന് ജമീല പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്തുണയും ലഭിച്ചു. അങ്ങനെ ജമീലയുടെ ടെന്‍ഷനെല്ലാം പമ്പ കടന്നു, അവര്‍ ഇരുത്തംവന്ന ഭരണാധികാരിയായി.
Also Read: Kanathil Jameela: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
ജമീലയെന്ന ഭരണാധികാരിയെ നാടും നാട്ടുകാരും അങ്ങേയറ്റം ഹൃദയവായ്‌പോടെ സ്വീകരിച്ചു, അംഗീകരിച്ചു. അങ്ങനെ 2005ല്‍ ജമീല ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചു…ജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ആരു വേണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ലവലേശം സംശയം വേണ്ടി വന്നില്ല. 2005 മുതല്‍ 2010 വരെ ജമീല ചേളന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
2010ല്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. വിജയത്തോടൊപ്പം സഞ്ചരിക്കുന്ന പതിവ് ജമീല അവിടെയും തെറ്റിച്ചില്ല. ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനവും ജമീലയ്ക്ക് ലഭിച്ചു. 2019-21 കാലയളവിലും ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
തലക്കുളത്തൂര്‍ പഞ്ചായത്തിന്റെയും, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും, കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും അധ്യക്ഷയായി പ്രവര്‍ത്തിച്ച കാലയളവില്‍ ആര്‍ജ്ജിച്ചെടുത്ത അനുഭവപാടവുമായാണ് ജമീല 2021ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ മത്സരിച്ചത്. 8,472 വോട്ടുകള്‍ക്കായിരുന്നു ജയം.
നിയമസഭാ സമ്മേളനത്തിനിടെ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജമീലയ്ക്ക് അര്‍ബുദം സ്ഥിരീകരിക്കുന്നത്. 30 വര്‍ഷം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച ജമീല, മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് യാത്രയായതിന്റെ നിരാശയിലാണ് പാര്‍ട്ടിയും, പ്രവര്‍ത്തകരും.