Kanathil Jameela: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
Koyilandy MLA Kanathil Jameela: അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസായിരുന്നു. മൈത്ര ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തുന്നത്. അന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്കാണ് ജമീല പരാജയപ്പെടുത്തിയത്. എന്നാൽ രോഗബാധയെ തുടന്ന് കഴിഞ്ഞ കുറച്ച് നാളുകളായി പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് മാറി നിൽക്കുകയായിരുന്നു. തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു
കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎ ആയിരുന്നു കാനത്തിൽ ജമീല. 2005-ൽ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020-ല്‍ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമേറ്റു. അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തില്‍ ജമീല. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍, മക്കള്‍: അയ്റീജ് റഹ്‌മാന്‍, അനൂജ.