Govindachamy Jail Break: ഇനി അതീവ സുരക്ഷയോടെ! ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും; കണ്ണൂർ ജയിലിൽ നിന്നും വിയ്യൂരിലേക്ക്
Govindachamy Transferred To Viyyur Jail: കൊടുംക്രിമിനലിന് എങ്ങനെയാണ് താടിനീട്ടിവളർത്താൻ അനുവാദം നൽകിയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഗോവിന്ദചാമി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കിയില്ല എന്നതും അധികൃതർക്കെതിരെ ഉയരുന്ന മറ്റൊരു ആരോപണമാണ്.
കണ്ണൂർ: അതീവ സുരക്ഷാ വലയത്തിൽ നിന്ന് ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്നാണ് ഇന്ന് രാവിലെ ഗോവിന്ദചാമി ജയിൽ ചാടിയത്. എന്നാൽ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്ക് ഗോവിന്ദച്ചാമിയെ മാറ്റാനാണ് നീക്കം. യുവതിയെ ബലാത്സംഗം ചെയ്ത് ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ.
ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ ജയിൽ ചാടിയ വിവരം അധികൃതർ അറിയുന്നത്. നാടകീയ രംഗങ്ങൾക്കാണ് കണ്ണൂരിലെ ജനങ്ങൾ ഇന്ന് സാക്ഷ്യം വഹിച്ചത്. ഒടുവിൽ കണ്ണൂരിൽ തന്നെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരിൽ ഒരാളാണ് സംശയാസ്പദമായ രീതിയിൽ ഇയാൾ നടന്നുപോകുന്നത് ആദ്യം കണ്ടത്. പിന്നീട് പോലീസിനെ വിവരമറിയിക്കുകയും അവരെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.
ഒന്നരമാസം നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് റിപ്പോർട്ട്. ജയിൽ വർക്ക്ഷോപ്പിൽ നിന്നാണ് ആയുധമെടുത്തതെന്നാണ് ഗോവിന്ദചാമിയുടെ മൊഴി. പാൽപ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് ഇയാൾ മതിൽ ചാടിയത്. ഗുരുവായൂരിലെത്തി മോഷണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി. അതേസമയം ജയിലിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നാരോപിച്ച് നാല് ഉദ്യോഗസ്ഥരെ സസ്‌പെൻ്റ് ചെയ്തു.
കൊടുംക്രിമിനലിന് എങ്ങനെയാണ് താടിനീട്ടിവളർത്താൻ അനുവാദം നൽകിയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടുകയും, ആഴ്ചയിൽ ഷേവ്ചെയ്യണം എന്നുമാണ് ജയിലിലെ നിയമം. ഗോവിന്ദചാമി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കിയില്ല എന്നതും അധികൃതർക്കെതിരെ ഉയരുന്ന മറ്റൊരു ആരോപണമാണ്.