Kerala Rain Alert: അതിശക്തമായ മഴ തുടരും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കുട്ടനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഇന്ന് അവധി
Heavy Rain Continues in Kerala: കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തെക്കൻ ഗുജറാത്തിനു മുകളിൽ സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതിന് പുറമെ, വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം ശക്തി പ്രാപിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂൺ 18) കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ഉൾപ്പെടെ അവധി ബാധകമാണ്. എന്നാൽ, മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കൂടാതെ, കിളിരൂർ എസ്.വി.ജി.പി. എച്ച്എസിനും കിളിരൂർ ഗവൺമെൻ്റ് യുപിഎസ്, തിരുവാർപ്പ് സെൻ്റ് മേരീസ് എൽപി സ്കൂൾ, വേളൂർ ഗവൺമെൻ്റ് എൽപി സ്കൂൾ, ചിപ്പുങ്കൽ ഗവൺമെൻ്റ് വെൽഫെയർ യുപി സ്കൂൾ എന്നീ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റും ശക്തമായി തുടരുന്നതിനാൽ അടുത്ത 5 ദിവസം കനത്ത മഴ തുടർന്നേക്കും. ജൂൺ 19 വരെ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്നും (ജൂൺ 18) നാളെയും മണിക്കൂറിൽ പരമാവധി 40 -50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ (ജൂൺ 19) ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: അനിവാര്യ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു, ഇത് വിവാദമാകില്ല: എംവി ഗോവിന്ദന്‍
കേരള തീരത്ത് ഇന്ന് മൽസ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെയും ചില സമയത്ത് 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.