Hema Committee Report: അമ്മയില്‍ അംഗത്വം വേണമെങ്കില്‍ അഡ്‌ജെസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് ഇടവേള ബാബു; മാമുക്കോയയില്‍ നിന്നും സുധീഷില്‍ നിന്നുമെല്ലാം മോശം അനുഭവമുണ്ടായി: ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
Hema Committee Report Responses : തയ്യാറാണെങ്കില്‍ ഒന്നര ലക്ഷം രൂപ വേണ്ടെന്ന് ഇടവേള ബാബു പറഞ്ഞതായും 2018-ല്‍ ഇതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടായതായും മലയാളത്തിലെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുവതി വെളിപ്പെടുത്തി.
തിരുവന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. പ്രശ്‌സത താരങ്ങളില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതായി യുവതി മലയാളത്തിലെ സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിച്ചു. പേരെടുത്ത് പറഞ്ഞായിരുന്നു പ്രതികരണം. താരസംഘടനയായ അമ്മയുടെ മുന്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെയും ജുബിത ആരോപണമുന്നയിച്ചിട്ടുണ്ട്. സംവിധായകന്‍ ഹരിഹരന്‍, നടന്‍മാരായ മാമുക്കോയ, സുധീഷ് എന്നിവരും യുവതിയോട് മോശമായി പെരുമാറിയവരില്‍ ഉള്‍പ്പെടുന്നു.
”2018-ല്‍ മമ്മൂട്ടിയുടെ സഹോദരിയുടെ മകന്റെ സിനിമ നടന്നുകൊണ്ടിരിക്കുന്നസമയത്ത് തമിഴില്‍ വിജയ്‌യുടെ സിനിമയില്‍ നിന്ന് ഒരു ഓഫര്‍ വന്നു. അഡ്ജസ്റ്റ്‌മെന്റ് വേണ്ടതിനാല്‍ തനിക്ക് ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് സംവിധായകന്‍ ബിനീഷ് മഠത്തില്‍ പറഞ്ഞു. പിന്നീട് ആ സിനിമ താന്‍ വേണ്ടെന്ന് വച്ചു. തീരുമാനം എന്ന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറും തന്നോട് മോശമായാണ് പെരുമാറിയത്. എന്റെ എഴുത്തുകള്‍ സിനിമയുടെ സ്‌ക്രിപ്റ്റ് പോലെയാണെന്നും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
താര സംഘടനയായ അമ്മ സംഘടനയില്‍ അംഗത്വം വേണമെങ്കില്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്നാണ് ഇടവേള ബാബു പറഞ്ഞത്. അതിന് തയ്യാറാണെങ്കില്‍ ഒന്നര ലക്ഷം രൂപ വേണ്ടെന്നും അംഗത്വം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. 2018-ല്‍ ഇതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടായി. സിനിമ എന്ന പേരിന്റെ അവസാനം ഇടവേള ബാബു അല്ലയെന്നാണ് ഞാന്‍ പറഞ്ഞത്. ഒരു സിനിമ നടന്നു കൊണ്ടിരിക്കെ സംവിധായകന്‍ ഹരിഹരന്‍ രാത്രിയില്‍ ലോഡ്ജിലേക്ക് വരാനാണ് പറഞ്ഞത്. വന്നില്ലെങ്കില്‍ സിനിമയില്‍ താന്‍ അഭിനയിച്ച ഭാഗം ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. മാമുക്കോയയും ഒരു മകളോട് പറയാന്‍ പാടില്ലാത്ത കാര്യമാണ് തന്നോട് പറഞ്ഞത്. സുധീഷിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമാണുണ്ടായത്. ഷാജി പട്ടികര എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ചോദിച്ചാല്‍ ഇതിന്റെയെല്ലാം സത്യാവസ്ഥ അറിയാമെന്നും” യുവതി പ്രതികരിച്ചു.
അതേസമയം, റിപ്പോര്‍ട്ട് പുറത്ത് വന്ന് നാല് ദിവസമായിട്ടും നിലപാട് വ്യക്തമാക്കാന്‍ സിനിമ സംഘടനകള്‍ തയ്യാറായിട്ടില്ല. വ്യക്തിപരമായ ആരോപണങ്ങള്‍ ഒഴിവാക്കി പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംഘടനകളെ വലിയ രീതിയില്‍ അലട്ടുന്നുണ്ട്. സിനിമാ താരങ്ങള്‍ക്കിടയിലെ പ്രമുഖര്‍, സിനിമ മേഖലയെ നിയന്ത്രിക്കുന്നവര്‍ തുടങ്ങി പല സൂചനകളും റിപ്പോര്‍ട്ടിലുണ്ട്. ഇതിനിടെയാണ് നടിമാര്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയതും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് താരങ്ങളുടെ പേര് പുറത്തുവിട്ടതും.
ഹേമ കമ്മിറ്റി മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തേണ്ട ചുമതല സിനിമാ സംഘടനകള്‍ക്കാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അമ്മ സംഘടനയോ ഫെഫ്കയോ ഇതുവരെയും മിണ്ടിയിട്ടില്ല. എക്‌സിക്യൂട്ടീവ് ചേര്‍ന്ന് തീരുമാനമെന്നാണ് അമ്മ സംഘടനയുടെ വിശദീകരണം. എന്നാല്‍ എന്ന് എക്‌സിക്യൂട്ടീവ് ചേരുമെന്നതില്‍ തീരുമാനമായിട്ടില്ല. ഏകപക്ഷീയ മൊഴികള്‍ കേട്ട് എതിര്‍ഭാഗത്തിന്റെ പ്രതികരണം കേള്‍ക്കാതെയുള്ള റിപ്പോര്‍ട്ടാണെന്നാണ് സംഘടനകള്‍ക്കുള്ളിലെ പൊതു അഭിപ്രായം. സംസ്ഥാന സര്‍ക്കാരും അടിയന്തര നടപടിക്ക് മുതിരാത്ത സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുറന്നിടേണ്ടെന്നാണ് സംഘടനകള്‍ക്കുള്ളിലെ അടക്കം പറച്ചില്‍.