5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kazhakoottam Girl Missing : ‘എനിക്ക് പഠിക്കണം, അസമിലെ വീട്ടിലേക്ക് പോകണം, അമ്മ നിരന്തരം ഉപദ്രവിച്ചു’; കാണാതായ ആസമീസ് പെണ്‍കുട്ടി

Kazhakoottam Girl Missing Update : മാതാപിതാക്കളില്‍ നിന്നുള്ള ഉപദ്രവം പതിവാണെന്നും വീട്ടിലെ ജോലി എല്ലാം ചെയ്യിപ്പിക്കുമെന്നും അതുകൊണ്ടാണ് വീട് വിട്ടിറങ്ങിയതെന്നും കുട്ടി അസോസിയേഷന്‍ ഭാരവാഹികളോട് പ്രതികരിച്ചു.

Kazhakoottam Girl Missing : ‘എനിക്ക് പഠിക്കണം, അസമിലെ വീട്ടിലേക്ക് പോകണം, അമ്മ നിരന്തരം ഉപദ്രവിച്ചു’; കാണാതായ ആസമീസ് പെണ്‍കുട്ടി
Kazhakkoottam Girl Missing | Represental Image Getty
Follow Us
athira-ajithkumar
Athira | Updated On: 22 Aug 2024 17:43 PM

തിരുവനന്തപുരം: പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് നിന്നും കാണാതായ ആസമീസ് പെണ്‍കുട്ടി. കുട്ടിയെ കണ്ടെത്തിയ വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികളോടാണ് ആസമില്‍ ചെന്ന് തുടര്‍ പഠനം നടത്താനുള്ള ആഗ്രഹം കുട്ടി പ്രകടിപ്പിച്ചത്. തിരോധാന വാര്‍ത്തയറിഞ്ഞ് വിശാഖപട്ടണത്തെ മലയാളി സംഘടന പ്രതിനിധികള്‍ ട്രെയിനുകളില്‍ കയറി നടത്തിയ തിരച്ചിലിനൊടുവിലാണ് ബര്‍ത്തില്‍ കിടന്നുറങ്ങുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ജന്മനാട്ടിലെത്തി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. മാതാപിതാക്കളില്‍ നിന്നുള്ള ഉപദ്രവം പതിവാണെന്നും വീട്ടിലെ ജോലി എല്ലാം ചെയ്യിപ്പിക്കുമെന്നും അതുകൊണ്ടാണ് വീട് വിട്ടിറങ്ങിയതെന്നും കുട്ടി അസോസിയേഷന്‍ ഭാരവാഹികളോട് പ്രതികരിച്ചു. നാളെ ഉച്ചയോടെ കുട്ടിയെ കേരള പോലീസിന് കൈമാറും. വിശാഖവാലിയിലെ പെണ്‍കുട്ടികളുടെ സംരക്ഷണകേന്ദ്രത്തില്‍ കുട്ടി സന്തോഷവതിയാണെന്നും ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും മലയാളി സമാജം പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം, സിഡബ്യൂസിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാളെ കഴിഞ്ഞ് ഓഗസ്റ്റ് 24-ാം തീയതി ഉച്ചയോടെ കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് ഡിസിപി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. മാതാപിതാക്കളില്‍ നിന്ന് കുട്ടി മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമാകും മറ്റ് നടപടികള്‍.

മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പോലീസിനോടും നന്ദിയുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. മകള്‍ സന്തോഷത്തോടെ ഇരിക്കുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. മകളെ തിരികെ ലഭിച്ചാല്‍ ഉടന്‍ അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു. രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാതാപിതാക്കള്‍.

അനിയത്തിയുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെയാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വസ്ത്രങ്ങളടങ്ങിയ ബാഗും 40 രൂപയും മാത്രം കയ്യിലുണ്ടായിരുന്നെന്നാണ് വിവരം. കഴക്കൂട്ടം മുതല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പോയതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ അന്നുതന്നെ പോലീസിന് ലഭിച്ചെങ്കിലും കുട്ടി എവിടേക്കാണ് പോയതെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല.

ഓഗസ്റ്റ് 20 ചൊവ്വാഴ്ച ഉച്ചയ്ക്ക് കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ കുട്ടി ഉണ്ടായിരുന്നെന്ന് എതിര്‍ സീറ്റിലെ യാത്രക്കാരി പോലീസിനെ അറിയിച്ചതാണ് കുട്ടിയെ കണ്ടെത്തുന്നതില്‍ വഴിത്തിരിവായത്. യാത്രക്കാരി പകര്‍ത്തിയ കുട്ടിയുടെ ചിത്രം മകളാണെന്ന് മാതാപിതാക്കളും ഉറപ്പുവരുത്തിയതോടെ കന്യാകുമാരിയിലും നാഗര്‍കോവിലും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കന്യാകുമാരിയില്‍ നിന്ന് കുട്ടി ഇന്നലെ ഓഗസ്റ്റ് 21ന് രാവിലെ ചെന്നൈ എഗ്മൂറിലേക്ക് ട്രെയിൻ കയറിയെന്ന് തമിഴ്‌നാട് പോലീസ് സ്ഥിരീകരിച്ചതോടെ കേരളാ പൊലീസ് സംഘം വൈകിട്ടോടെ ചെന്നൈയിലെത്തി.

ഇതിനിടെ, എഗ്മൂറില്‍ നിന്ന് കുട്ടി ട്രെയിന്‍ മാര്‍ഗം തംബാരത്തേക്ക് പോയി. അവിടെ നിന്ന് ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസില്‍ കയറി. ട്രെയിന്‍ വിശാഖപട്ടണത്ത് എത്തിയതോടെയാണ് മലയാളി സമാജം പ്രവര്‍ത്തകര്‍ ബര്‍ത്തില്‍ കിടന്നുറങ്ങുന്ന നിലയില്‍ പെൺകുട്ടിയെ കണ്ടെത്തിയത്.

Latest News