VS Achuthanandan: മാരാരിക്കുളം നഷ്ടപ്പെടുത്തിയതും, മലമ്പുഴ സമ്മാനിച്ചതും മുഖ്യമന്ത്രിക്കസേര; ‘കണ്ണും കരളു’മായ വിഎസ്
VS Achuthanandan Political Career : 1996 മാരാരിക്കുളത്ത് നേരിട്ട തോൽവിയാണ് വിഎസ് അച്യുതാനന്ദൻ്റെ രാഷ്ട്രീയ മുഖത്തിന് മാറ്റം വരുന്നത്. ആ തോൽവിക്ക് ശേഷമാണ് കർക്കശക്കാരനായ വിഎസിൽ നിന്നും ജനകീയനായ വിഎസ് ജനിക്കുന്നത്.
‘കണ്ണേ, കരളേ’ എന്ന രണ്ട് വാക്കുകള്‍ക്കിപ്പുറം മറ്റേതൊരു നേതാവിന്റെ പേര് ചേര്‍ത്താലും ആ വാചകം അപൂര്‍ണമാകും. വിഎസ് അച്യുതാനന്ദന്‍ എന്ന സമരയൗവ്വനത്തിന്റെ സാന്നിധ്യം രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ വര്‍ഷങ്ങള്‍ ഏറെയായി ഉണ്ടെങ്കിലും, അദ്ദേഹം കേരളത്തിന്റെ കണ്ണും കരളുമായത് 29 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 1996ലെ മാരാരിക്കുളം തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ. അപ്രതീക്ഷിത തിരിച്ചടികള്‍ ജീവിതത്തിലേക്ക് തിരമാല പോലെ ആഞ്ഞടിച്ചപ്പോഴും അതിലൊന്നും പതറാത്ത മനുഷ്യനാണ് വിഎസ്. വളരെ ചെറിയ പ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോഴും, പഠനം ഏഴാം ക്ലാസില്‍ വച്ച് അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ആ മനുഷ്യന്‍ പതറിയില്ല. പകരം കനല്‍ വഴികള്‍ താണ്ടി ജീവിതത്തോട് പോരാടി. അതുകൊണ്ട് തന്നെയാകാം വിഎസിനെ പരാജയങ്ങള്‍ ഭക്ഷിച്ച മനുഷ്യനെന്ന് എംഎന്‍ വിജയന്‍ വിശേഷിപ്പിച്ചതും.
തിരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ മൂന്ന് തവണയാണ് വിഎസിന് അടിപതറിയത്. അതില്‍ ഏറ്റവും അപ്രതീക്ഷിതമായത് മാരാരിക്കുളത്തെ തോല്‍വിയായിരുന്നു. വെറും 1965 വോട്ടുകള്‍ക്ക് തോറ്റ വിഎസിന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രിക്കസേരയായിരുന്നു. അന്ന് കോണ്‍ഗ്രസിലെ പിജെ ഫ്രാന്‍സിസാണ് വിഎസിനെ അട്ടിമറിച്ചത്. ആ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഫ്രാന്‍സിസോ കോണ്‍ഗ്രസോ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എ.കെ. ആന്റണിയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും യുഡിഎഫിനെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള പോരാട്ടത്തിന്റെ പടനയിച്ചത് അന്ന് വിഎസ് ആയിരുന്നു. 1991ലെ തിരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച അതേ മാരാരിക്കുളത്ത് വിഎസ് മത്സരിച്ചു. 91ല്‍ വിഎസ് ജയിച്ചത് 9980 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണെങ്കില്‍ ഇത്തവണ ജയിക്കുന്നത് എത്ര വോട്ടിനായിരിക്കുമെന്ന് മാത്രമായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ ചോദ്യം. മാരാരിക്കുളത്തെ ചുവപ്പന്‍ കോട്ടയില്‍ വിഎസ് വിജയിക്കുമെന്ന് എല്ലാവരും ഉറപ്പിച്ച നിമിഷം.
‘മാരാരിക്കുളത്തെ ചുവപ്പണിഞ്ഞ വീഥിയിലൂടെ പുന്നപ്ര തൊഴിലാളി സമരനായകന്‍ സഖാവ് വിഎസ് അച്യുതാനന്ദന്‍ ഇതാ കടന്നുവരുന്നു’ എന്നാണ് അന്ന് അലയടിച്ച മുദ്രാവാക്യം. വിഎസിനായി മാരാരിക്കുളത്തെ ജനം ആര്‍ത്തുവിളിച്ചു. അണികള്‍ ആവേശഭരിതരായി. പക്ഷേ, പാര്‍ട്ടിക്കുള്ളില്‍ മാത്രം എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടായിരുന്നു.
അരൂരില്‍ തുടര്‍ച്ചയായി തോറ്റ പിജെ ഫ്രാന്‍സിസിനെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയത്. ഫ്രാന്‍സിസിനെ ബലിയാടാക്കുന്നുവെന്ന് രാഷ്ട്രീയവിലയിരുത്തലുകളുണ്ടായ മത്സരം. എന്നാല്‍ തിരഞ്ഞെടുപ്പ് ആവേശം മുന്നോട്ടു പോകുന്തോറും മണ്ഡലത്തില്‍ വീശിയടിച്ച രാഷ്ട്രീയക്കാറ്റിന്റെ ദിശ മാറിക്കൊണ്ടിരുന്നു. മാരാരിക്കുളത്ത് തോല്‍വിയുടെ ചെറുസൂചന പോലും വിഎസിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയത് പേരിന് മാത്രം. പകരം, മറ്റ് മണ്ഡലങ്ങളിലെ ഇടതുസ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിലായിരുന്നു ശ്രദ്ധ. ഒടുവില്‍ ഫലം വന്നപ്പോള്‍, സിപിഎം മാത്രമല്ല, രാഷ്ട്രീയ കേരളമാകെ ഞെട്ടി, ‘വിഎസ് തോറ്റു’!.
തുടര്‍ന്ന് ഇകെ നായനാര്‍ മുഖ്യമന്ത്രിയായി. പ്രതീക്ഷിച്ചതുപോലെ മാരാരിക്കുളത്തെ അപ്രതീക്ഷിത തോല്‍വി സിപിഎമ്മില്‍ ചര്‍ച്ചയായി. പാര്‍ട്ടിക്കുള്ളില്‍ അത് കൊടുങ്കാറ്റെന്ന പോലെ ആഞ്ഞടിച്ചു. പല ‘വന്‍മരങ്ങളും കടപുഴകി’. തോല്‍വിക്ക് കാരണഭൂതരായവരെ പാര്‍ട്ടി കണ്ടെത്തി, നടപടി സ്വീകരിച്ചു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയടക്കം വിഎസിന് തിരിച്ചടിയായി. കെആര്‍ ഗൗരിയമ്മയെ പുറത്താക്കിയതിനെതിരെയുണ്ടായ ജനവികാരം തിരിച്ചടിയായെന്നാണ് അന്ന് സിപിഎം നേതാവായിരുന്ന, നിലവിലെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായ ടിജെ ആഞ്ചലോസ് ചൂണ്ടിക്കാട്ടുന്നത്.
അന്ന് രാഷ്ട്രീയപയറ്റില്‍ വിഎസിനെ മലര്‍ത്തിയടിച്ച ഫ്രാന്‍സിസിന് പോലും പില്‍ക്കാലത്ത് ആ വിജയത്തില്‍ പ്രയാസം തോന്നിയെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫ്രാന്‍സിസിന്റെ ഈ വെളിപ്പെടുത്തല്‍. ”ജയിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ, ആ ജയത്തില്‍ അഹങ്കരിച്ചില്ല. അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് ഞാന്‍ തടസമായല്ലോ എന്നതില്‍ പ്രയാസമുണ്ടായിരുന്നു. തോറ്റില്ലായിരുന്നെങ്കില്‍ അത്തവണ മുഖ്യമന്ത്രിയാകേണ്ട ആളായിരുന്നു”-ഫ്രാന്‍സിസ് പറഞ്ഞുനിര്‍ത്തി.
എന്നാല്‍ ഫ്രാന്‍സിസിന്റെ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലായിരുന്നെന്ന് കാലം തെളിയിച്ചു. മാരാരിക്കുളത്ത് തോറ്റെങ്കിലും വിഎസിന്റെ വളര്‍ച്ച അവിടെ നിന്നു തുടങ്ങി. പൊതുവെ കര്‍ക്കശക്കാരനായിരുന്ന വിഎസിനെ ജനപ്രിയനാക്കുന്നതില്‍ പരുവപ്പെടുത്തിയത് മാരാരിക്കുളത്തെ തോല്‍വിയായിരുന്നു. പക്ഷേ, അതോടുകൂടി വിഎസ് മാരാരിക്കുളം വിട്ട വിഎസിനെ മലമ്പുഴ മണ്ഡലം ഹൃദയവായ്‌പോടെ സ്വീകരിച്ചു. അങ്ങനെ രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ വിഎസ് എന്ന വിപ്ലവാഗ്നി കൂടുതല്‍ കരുത്തോടെ ജ്വലിച്ചുയര്‍ന്നു. ഒടുവില്‍ 2006ല്‍ മുഖ്യമന്ത്രിയായി, നാടിന്റെ കണ്ണും കരളുമായി.