Onam Special Train : എന്ത് പ്രഹസനമാണ് റെയിൽവേ! ഓണം സ്പെഷ്യൽ എന്ന പറഞ്ഞ് ജമ്മുവിൽ നിന്നും ചെന്നൈയിലേക്ക് ട്രെയിനോ?
Onam 2025 Special Train Jammu Tawi To Chennai Central : ഓഗസ്റ്റ് 31-ാം തീയതി ജമ്മുതാവിയിൽ നിന്നും പുറപ്പെട്ട ട്രെയിനെ കുറിച്ച് ദക്ഷിണ റെയിൽവെ വിവരം പങ്കുവെക്കുന്നത് സെപ്റ്റംബർ രണ്ടാം തീയതി. ട്രെയിൻ നാളെ ബുധനാഴ്ച ചെന്നൈയിൽ എത്തി ചേരും.
തിരുവനന്തപുരം : കേരളത്തിൻ്റെ പുറത്തുള്ള മലയാളികൾക്ക് നാട്ടിലെത്തി ഓണം ആഘോഷിക്കാൻ ഇന്ത്യൻ റെയിൽവെ നിരവധി സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിക്കാറുള്ളത്. ഓണം സ്പെഷ്യൽ എന്ന പേരിൽ ജമ്മുവിൽ നിന്നും ചെന്നൈയിലേക്ക് ട്രെയിൻ സർവീസ് നടത്തി ഇത്തവണ വ്യത്യസ്തരായിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ! അതും ഇങ്ങനെ ഒരു സ്പെഷ്യൽ സർവീസ് ഉണ്ടെന്ന് റെയിൽവെ അറിയിപ്പ് നൽകുന്നത് ട്രെയിൻ പുറപ്പെട്ട് മൂന്നാം ദിവസം.
നോർത്തേൺ റെയിൽവെയാണ് ഓണം സ്പെഷ്യൽ എന്ന പേരിൽ ജമ്മു കശ്മീരിലെ ജമ്മുതാവിയിൽ നിന്നും ചെന്നൈ സെൻട്രലിലേക്ക് (ട്രെയിൻ നമ്പർ- 04676) ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ഒരു ദിശയിലേക്ക് ഒറ്റ് സർവീസ് മാത്രമാണുള്ളത്. ഓഗസ്റ്റ് 31-ാം തീയതി വൈകിട്ട് നാല് മണിക്ക് പുറപ്പെട്ട ട്രെയിൻ നാളെ സെപ്റ്റംബർ മൂന്നിന് പുലർച്ചെ 3.20 ആകുമ്പോൾ ചെന്നൈയിൽ എത്തി ചേരും.
ALSO READ : Train running late : ഓണക്കാലത്ത് വീട്ടിലെത്താൻ വൈകും, പരശുറാമും നേത്രാവതിയുമെല്ലാം ലേറ്റാവുന്നു…
ഓണം സ്പെഷ്യൽ ട്രെയിനെ കുറിച്ച് ദക്ഷിണ റെയിൽവെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അറിയിപ്പ്
ഓണം സ്പെഷ്യൽ എന്ന പേരിൽ പ്രഖ്യാപിച്ചിട്ടുള്ള ട്രെയിൻ ഓണം ആഘോഷിക്കുന്ന കേരളത്തിലേക്ക് വരില്ല. ജമ്മു താവിയിൽ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിൻ ഡൽഹി എത്തി അവിടെ നിന്നും രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങൾ കടന്ന് തമിഴ്നാട്ടിൽ പ്രവേശിച്ച് ചെന്നൈ യാത്ര അവസാനിപ്പിക്കും. ഇവിടെ നിന്നും നാട്ടിലേക്ക് എത്തേണ്ട ഉത്തരവാദിത്വം യാത്രക്കാർക്ക് മാത്രമെ ഉള്ളൂ.