Vyshna Suresh: വൈഷ്ണയെ പുറത്താക്കാനുള്ള ഗൂഢാലോചന ആര്യാ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ; സിപിഎമ്മിന് തിരിച്ചടിയെന്ന് കെ മുരളീധരൻ
K Muraleedharan Against Arya Rajendran: വൈഷ്ണ സുരേഷിൻ്റെ വോട്ട് നീക്കം ചെയ്യാൻ ഗൂഢാലോചന നടത്തിയത് ആര്യാ രാജേന്ദ്രൻ്റെ നേതൃത്വത്തിലെന്ന് കെ മുരളീധരൻ. മുട്ടട വാർഡിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയാണ് വൈഷ്ണ.

വൈഷ്ണ സുരേഷ്
വൈഷ്ണ സുരേഷിനെ പുറത്താക്കാനുള്ള ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ നേതൃത്വത്തിലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒടുവിൽ ഇത് സിപിഎമ്മിന് തന്നെ തിരിച്ചടിയായെന്നും മുരളീധരൻ പറഞ്ഞു. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയാണ് വൈഷ്ണ സുരേഷ്.
വൈഷ്ണയെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്നാണ് ആരോപണം. അന്തിമ വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും വൈഷ്ണയുടെ പേര് ഒഴിവാക്കിയെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സിപിഎം പ്രവർത്തകൻ ധനേഷിൻ്റെ പരാതിയിലാണ് വൈഷ്ണയുടെ പേര് ഒഴിവാക്കുന്നത്. കഴിഞ്ഞ ദിവസം വൈഷ്ണയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി പുറത്തിവന്നിരുന്നു. എന്നാൽ, സപ്ലിമെൻ്ററി പട്ടിക ഇതുവരെ കോർപ്പറേഷൻ കോൺഗ്രസ് നേതാക്കൾക്ക് കൈമാറിയിട്ടില്ല. ഹൈക്കോടതിയുടെ അനുകൂല വിധി വന്നതോടെ വൈഷ്ണ സുരേഷ് പ്രചാരണം പുനരാരംഭിച്ചിട്ടുണ്ട്. കേസിൽ ഇന്ന് ഹിയറിങ് നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഹിയറിങ്.
തൻ്റെ പേര് ഒഴിവാക്കിയതറിഞ്ഞ് കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലിൽ വൈഷ്ണയും നേതാക്കളും ശനിയാഴ്ച പരാതിനൽകാൻ ചെന്നിരുന്നു. എന്നാൽ, പരാതിവാങ്ങാതെ ഒത്തുകളിച്ച ഉദ്യോഗസ്ഥർ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന തീയതിവരെ ഇത് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. തുടർന്ന് സ്പീഡ് പോസ്റ്റിലൂടെ രേഖകൾ അയച്ചുനൽകി. ഇതിലും നടപടി ഉണ്ടായില്ല. പിന്നാലെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ കളക്ടറേറ്റിലും സമാന അനുഭവമുണ്ടായതായി പരാതിനൽകാനെത്തിയ കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ പറഞ്ഞു. ഒന്നര മണിക്കൂറോളം കാത്തിരുന്നെങ്കിലും കളക്ടർ കാണാൻ സമ്മതിച്ചില്ല. കളക്ടർ ഒരു യോഗത്തിലാണെന്നായിരുന്നു ലഭിച്ച മറുപടി. പ്രതിഷേധത്തിലേക്ക് കടക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ എഡിഎം പരാതിവാങ്ങുകയായിരുന്നു.
വോട്ടര്‍പട്ടികയിലാണ് വൈഷ്ണയുടെ വീടിന്റെ ടിസി നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നത് എന്ന് കോൺഗ്രസ് പറയുന്നു. ഇത് വോട്ടര്‍പട്ടികയില്‍ വന്ന തെറ്റാണ്. ഈ സാങ്കേതികത്വത്തില്‍ പിടിച്ച് വോട്ട് ഒഴിവാക്കി വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു.