K Sudhakaran: കെ. സുധാകരന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
K Sudhakaran hospitalised: കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്

K Sudhakaran
തൃശൂര്‍: കെപിസിസി മുന്‍ പ്രസിഡന്റ് കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് സുധാകരന്‍ തൃശൂരില്‍ എത്തിയത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. എംആര്‍ഐ സ്‌കാന്‍ അടക്കം നടത്തിയതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് വിവരം.
പരിശോധനാ ഫലം ലഭിച്ചതിന് ശേഷം തുടര്‍ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കും. നിലവില്‍ ജനറല്‍ മെഡിസിന്‍ ന്യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ സുധാകരനെ പരിശോധിക്കുകയാണ്. ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയാണ് സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സുധാകരനെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. സണ്ണി ജോസഫ് ആശുപത്രിയിലെത്തി സുധാകരനെ സന്ദര്‍ശിച്ചു.
അതേസമയം, കെപിസിസി പുനഃസംഘടനയില്‍ താന്‍ തൃപ്തനാണെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. താന്‍ സംതൃപ്തിയിലാണെന്നും, ഇത്രയും തൃപ്തി ഇതുവരെ കിട്ടിയിട്ടില്ലെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Also Read: രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ അന്തരിച്ചു
അതിനിടെ, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ കാസര്‍കോട് നിന്ന് തുടങ്ങിയ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണം സമ്മേളനം സുധാകരന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ആധ്യാത്മിക രംഗത്ത് ഇങ്ങനെയൊരു മുന്നേറ്റം താന്‍ കണ്ടിട്ടില്ലെന്നാണ് സുധാകരന്‍ ജാഥയെക്കുറിച്ച് പറഞ്ഞത്
ഈ യാത്ര കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ കാലത്തും ദൈവവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചെന്ന് വരില്ല. പക്ഷേ, ബോധപൂര്‍വം അത് തകര്‍ത്ത്, കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത് കൊണ്ടുപോകുന്ന കാലഘട്ടം ഓര്‍മയില്‍ ഇതാദ്യമാണെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.