Kasargod Honey Trap: 43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് കാസര്‍ഗോഡ് സ്വദേശി; അവശനാക്കിയ ശേഷം കവര്‍ച്ച, ആറ് പേർ അറസ്റ്റിൽ
Kasaragod Man Honey Trapped and Robbed: കാസർഗോഡ് സ്വദേശിയായ 37കാരനെ ആണ് ഹണിട്രാപ്പിൽ കുടുക്കിയ ശേഷം കുന്ദാപുരയിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയി മർദിച്ച് അവശനാക്കി കവർച്ച നടത്തിയത്.
മംഗളൂരു: കാസർഗോഡ് സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഭവത്തിൽ ആറ് പ്രതികൾ അറസ്റ്റിൽ. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ബൈന്ദൂർ സ്വദേശി സവാദ്(28), ഗുൽവാഡി സ്വദേശി സെയ്‌ഫുള്ള(38), ഹാങ്കല്ലൂർ സ്വദേശി മുഹമ്മദ് നാസിർ ഷരീഫ്(36), അബ്‌ദുൾ സത്താർ(23), അസ്‌മ(43), ശിവമോഗ സ്വദേശി അബ്ദുൾ അസീസ്(26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവർ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാസർഗോഡ് സ്വദേശിയായ 37കാരനെ ആണ് ഹണിട്രാപ്പിൽ കുടുക്കിയ ശേഷം കുന്ദാപുരയിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയി മർദിച്ച് അവശനാക്കി, കവർച്ച നടത്തിയത്. തട്ടിക്കൊണ്ടുപോകൽ, കവർച്ച, മർദനമേൽപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അസ്മ എന്ന 43കാരിയെ പരാതിക്കാരൻ പരിചയപ്പെടുന്നത് ഫോണിലൂടെയാണ്. അങ്ങനെ കഴിഞ്ഞ തിങ്കളാഴ്ച, അസ്മ ഫോണിൽ വിളിച്ച് യുവാവിനോട് നേരിട്ട് കാണാമെന്ന് പറയുകയായിരുന്നു. കുന്ദാപുരയിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് കാണാം എന്ന് യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യുവാവ് സ്ഥലത്തെത്തി. പിന്നാലെ യുവതി പരാതിക്കാരനെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. ഈ സമയം മറ്റ് പ്രതികളും വീട്ടിൽ എത്തി. തുടർന്ന് യുവാവിൽ നിന്ന് പണം തട്ടുകയായിരുന്നു.
ALSO READ: തിരുവോണ ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥി; പേര് ‘തുമ്പ’
വിട്ടയയ്ക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണം എന്നായിരുന്നു സംഘം ആവശ്യപ്പെട്ടത്. എന്നാൽ യുവാവ് ഇതിന് വിസമ്മതിച്ചു. ഇതോടെ പ്രതികൾ യുവാവിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 6200 രൂപയും യുപിഐ അക്കൗണ്ടിൽ ഉണ്ടായിരുന്ന 30000 രൂപയും തട്ടിയെടുത്തു. കൂടാതെ, യുവാവിന്റെ കൈയിൽ ഉണ്ടായിരുന്ന എടിആം കാർഡ് ഉപയോഗിച്ച് 40000 രൂപ പിൻവലിക്കുകയും ചെയ്തു. തുടർന്ന്, പ്രതികൾ യുവാവിനെ വിട്ടയയ്ക്കുകയായിരുന്നു. ഇതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.