Kerala Train Service: രാജ്യറാണിക്കും ഹംസഫർ എക്‌സ്പ്രസിനും പുതിയ സ്റ്റോപ്പുകൾ; കെസി വേണുഗോപാൽ
Humsafar And Rajyarani New Stops: പ്രതിദിനം നിരവധി പേർ ആശ്രയിക്കുന്ന സ്റ്റേഷനുകളാണ് കായംകുളവും കരുനാഗപ്പള്ളിയും. അതിനാൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കേണ്ടതിന്റെ പ്രാധാന്യം റെയിൽവെ മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: ഹംസഫർ എക്‌സ്പ്രസ്, രാജ്യറാണി എക്‌സ്പ്രസ് എന്നിവയ്ക്ക് കേരളത്തിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചതായി കെ സി വേണുഗോപാൽ എംപി (KC Venugopal). ഹംസഫർ എക്‌സ്പ്രസിന് കായംകുളത്തും രാജ്യറാണി എക്‌സ്പ്രസിന് കരുനാഗപ്പള്ളിയിലുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ആലപ്പുഴ മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17നു കത്തു നൽകിയിരുന്നു. ഇതിന് പുറമെ റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവുമായുള്ള കൂടികാഴ്ച്ചയിലും ഇക്കാര്യം ഉന്നയിക്കുകയും നിവേദനം കൈമാറുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം ഫോണിൽ വിളിച്ച് നേരിട്ട് അറിയിച്ചതെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്കിലൂടെ അറിയിച്ചു.
യാത്രക്കാർ നിരന്തരം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിച്ച മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എംപി വ്യക്തമാക്കി. പ്രതിദിനം നിരവധി പേർ ആശ്രയിക്കുന്ന സ്റ്റേഷനുകളാണ് കായംകുളവും കരുനാഗപ്പള്ളിയും. അതിനാൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കേണ്ടതിന്റെ പ്രാധാന്യം റെയിൽവെ മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു.
ആലപ്പുഴ, കോട്ടയം വഴി പോകുന്ന വന്ദേ ഭാരത്, ഹംസഫർ എക്സ്പ്രസ് ഉൾപ്പെടെ 11 ട്രെയിനുകൾക്കാണ് കായംകുളത്ത് സ്റ്റോപ്പ് ആവശ്യപ്പെട്ടിരുന്നത്. കരുനാഗപ്പള്ളിയിൽ എട്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സ്റ്റോപ്പുകൾകൂടി ഭാവിയിൽ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്‌റ്റേഷൻ ഉടൻ
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അതിനുള്ള നടപടികൾ അതിവേഗം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഇക്കാര്യത്തിൽ ഉറപ്പു നൽകിയത്. എയർപോർട്ട് യാത്രക്കാരുടെ ഒരുപാട് കാലത്തെ സ്വപ്നമാണ് നെടുമ്പാശേരി എയർപോർട്ടിന് സമീപമുള്ള റെയിൽവേ സ്റ്റേഷൻ.
ഇതുകൂടാതെ യാത്രക്കാരുടെ പരാതി പരിഹരിക്കുന്നതിനായി മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു.