AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Idukki Rain: ഇടുക്കി മുങ്ങി; ശക്തമായ മഴ തുടരുന്നു, ഒരു മരണം, മലവെള്ളപ്പാച്ചിലില്‍ കനത്തനാശനഷ്ടം

Idukki Flash Flood: കനത്ത മഴയെ തുടര്‍ന്ന് റോഡിലുണ്ടായ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. പറപ്പിള്ളിവീട്ടില്‍ തങ്കച്ചനാണ് മരിച്ചത്. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 12 മണിയോടെയാണ് അപകടം.

Idukki Rain: ഇടുക്കി മുങ്ങി; ശക്തമായ മഴ തുടരുന്നു, ഒരു മരണം, മലവെള്ളപ്പാച്ചിലില്‍ കനത്തനാശനഷ്ടം
ഇടുക്കി മഴ Image Credit source: Social Media
Shiji M K
Shiji M K | Published: 19 Oct 2025 | 07:43 AM

ഇടുക്കി: ശക്തമായ മഴയില്‍ വലഞ്ഞ് ഇടുക്കി. കഴിഞ്ഞ ദിവസം രാത്രിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ രേഖപ്പെടുത്തിയത് വ്യാപക നാശനഷ്ടം. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം പതനഞ്ചിടങ്ങളില്‍ 100 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിച്ചു. ചെറിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴ പെയ്തതാണ് ജില്ലയെ ദുരിതത്തിലാക്കിയത്.

കനത്ത മഴയെ തുടര്‍ന്ന് റോഡിലുണ്ടായ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. പറപ്പിള്ളിവീട്ടില്‍ തങ്കച്ചനാണ് മരിച്ചത്. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 12 മണിയോടെയാണ് അപകടം. മഴ മൂലം റോഡിലേക്ക് വീണ കല്ലും മണ്ണും തങ്കച്ചന്റെ ശ്രദ്ധയില്‍പെട്ടില്ല. ഇതിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നു. തങ്കച്ചന്റെ തലയുള്‍പ്പെടെയുള്ള ശരീരഭാഗം മണ്ണിനുള്ളില്‍ കുടുങ്ങിപ്പോയെന്നാണ് വിവരം.

അതേസമയം, കനത്തമഴയെ തുടര്‍ന്ന് കുമളിയിലും പരിസരപ്രദേശങ്ങളിലും വീടുകളിലേക്കും കടകളിലേക്കും വെള്ളംകയറി. കുമളി ടൗണ്‍, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാം മൈല്‍, പെരിയാര്‍ കോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം. വീട്ടില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കണ്ണന്‍, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

Also Read: Kerala Rain: കോഴിക്കോട് വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 6 അടി ജലനിരപ്പ് ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം 3 ഷട്ടറുകള്‍ തുറന്നു. ഉച്ചയ്ക്ക് 13 ഷട്ടറുകളും ഒരു മീറ്റര്‍ വീതം പിന്നീട് ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിക്കുകയായിരുന്നു. വനമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായതോടെ വെള്ളം കുതിച്ചെത്തുകയായിരുന്നു. 2018ലെ പ്രളയത്തില്‍ വെള്ളം കയറാതിരുന്ന പല സ്ഥലങ്ങളും ഒറ്റ ദിവസംകൊണ്ട് വെള്ളത്തിനടിയിലായി.