Kerala Government Employees Pension: ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനോ അഷ്വേഡ് പെൻഷനോ? ജൂണിൽ പ്രഖ്യാപിക്കുന്നത്…
NPS or Assured Pension Scheme for Government employees: സംസ്ഥാന സർക്കാർ ജീവനക്കാരെ സംബന്ധിച്ച് വരുന്ന ബജറ്റ് ഏറെ നിർണായകമാണ്. പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പുരോഗതി, പെൻഷൻ പദ്ധതി പരിഷ്കരണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. പങ്കാളിത്ത പെൻഷന് പകരം മുൻ സർക്കാർ അവതരിപ്പിച്ച അഷ്വേഡ് പെൻഷൻ പദ്ധതി എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതാണ് പ്രധാന ചോദ്യം.
വിഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ ആദ്യ വാരം നടക്കുമെന്നാണ് റിപ്പോർട്ട്. ധനകാര്യവകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശനാകും ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരെ സംബന്ധിച്ച് വരുന്ന ബജറ്റ് ഏറെ നിർണായകമാണ്. പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പുരോഗതി, പെൻഷൻ പദ്ധതി പരിഷ്കരണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. പങ്കാളിത്ത പെൻഷന് പകരം മുൻ സർക്കാർ അവതരിപ്പിച്ച അഷ്വേഡ് പെൻഷൻ പദ്ധതി എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതാണ് പ്രധാന ചോദ്യം.
അഷ്വേഡ് പെൻഷൻ പദ്ധതി
രണ്ടാം പിണറായി സർക്കാർ പ്രഖ്യാപിക്കുകയും ഉത്തരവിറക്കുകയും ചെയ്ത അഷ്വേഡ് പെൻഷൻ പദ്ധതി ഇതുവരെയും പ്രാബല്യത്തിലായിട്ടില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ മാസങ്ങളിൽ സർവീസിൽ ചേർന്ന ജീവനക്കാർ പങ്കാളിത്ത പദ്ധതിയാണ് തിരഞ്ഞെടുത്തത്. ഈ ആഴ്ച പതിനായിരത്തോളം ജീവനക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നുണ്ട്. പകരമെത്തുന്നവർക്കും അഷ്വേഡ് പെൻഷൻ തിരഞ്ഞെടുക്കാൻ സാധിക്കില്ല.
അവസാനം കൈപ്പറ്റിയ ശമ്പളത്തിന്റെ പകുതിയെങ്കിലും പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണ് അഷ്വേഡ് പെൻഷൻ. ഇതിൽ സർക്കാർ വിഹിതവും ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതവും കൊണ്ടാണ് പെൻഷൻ ഫണ്ട് പ്രവർത്തിക്കുക. എന്നാൽ അത് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
പെൻഷൻ ഫണ്ട് രൂപീകരിക്കുക, സർക്കാർ വിഹിതം കൈമാറുക, ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം നിശ്ചയിക്കുക തുടങ്ങി ഒട്ടേറെ നടപടി ക്രമങ്ങൾ ബാക്കിയാണ്. അഷ്വേഡ് പെൻഷൻ എന്ന് മുതൽ? നിലവിൽ പങ്കാളിത്ത പെൻഷ പദ്ധതിയിലുള്ളവർ അഷ്വേഡ് പെൻഷനിലേക്ക് മാറുമ്പോൾ ഇതുവരെ ഫണ്ടിലേക്ക് അടച്ച തുക തിരികെ ലഭിക്കുമോ? എന്ന ചോദ്യങ്ങൾക്ക് മറുപടി ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ALSO READ: 1,000 രൂപ കിട്ടുന്നില്ലേ…. സ്ത്രീ സുരക്ഷാ പദ്ധതിയുടെ അടുത്ത ഗഡു എന്ന്?
പങ്കാളിത്ത പെൻഷൻ
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന് പകരം നടപ്പിലാക്കിയ പെൻഷൻ പദ്ധതിയാണ് പങ്കാളിത്ത പെൻഷൻ അഥവാ എൻപിഎസ് (National Pension System). കേരളത്തിൽ 2013 മുതലാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പ്രാബല്യത്തിൽ വന്നത്. പങ്കാളിത്ത പെൻഷനിൽ ജീവനക്കാരനും സർക്കാരും സംയുക്തമായാണ് പെൻഷൻ ഫണ്ടിലേക്ക് പണം പങ്കുവെക്കുന്നത്. തുടക്കം മുതൽക്കേ പങ്കാളിത്ത പെൻഷൻ പദ്ധതി ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
പങ്കാളിത്ത പെൻഷനിൽ ജീവനക്കാരുടെ ശമ്പളത്തിന്റെ പത്ത് ശതമാനമാണ് പിടിക്കുന്നത്. ഇതേ തുകയ്ക്ക് തുല്യമായ വിഹിതം സർക്കാരും ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. നിക്ഷേപത്തിന്റെ വരുമാനത്തിന് ആനുപാതികമായതാണ് പെൻഷൻ, മിനിമം പെൻഷൻ ഇല്ല. എന്നാൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിൽ പെൻഷൻ പൂർണമായി സർക്കാർ നൽകുമായിരുന്നു. മിനിമം പെൻഷൻ 5000രൂപ. വിരമിക്കുന്നതിന് തൊട്ടുമുമ്പ് വാങ്ങുന്ന ശമ്പളത്തിന്റെ പകുതി പെൻഷനായി കിട്ടുമായിരുന്നു. എന്നാൽ പങ്കാളിത്ത പെൻഷൻ അനുസരിച്ച് വിരമിക്കുന്നവർക്ക് ഇപ്പോൾ നാമമാത്രമായ തുകയാണ് പെൻഷനായി കിട്ടുന്നത്.
സംശയങ്ങളേറെ….
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. തുടർന്നാണ് അവസാന ബജറ്റിൽ അഷ്വഡ് പെൻഷൻ സംവിധാനം അവതരിപ്പിച്ചത്. എന്നാൽ ഇതിലും എൻപിഎസിലെ പോലെ ജീവനക്കാരും സർക്കാരും ശമ്പളത്തിന്റെ നിശ്ചിത ശതമാനം വിഹിതമായി അടയ്ക്കേണ്ടി വരും. കൂടാതെ, പഴയ പെൻഷൻ പദ്ധതിയിൽ പ്രധാനമായും ഉണ്ടായിരുന്ന മരണാനന്തര/വിരമിക്കൽ ഗ്രാറ്റുവിറ്റി പുതിയ അഷ്വേർഡ് പദ്ധതിയിൽ ഉണ്ടാകുമോ എന്ന കാര്യത്തിലും മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തത വരുത്തിയിരുന്നില്ല. പെൻഷൻകാർക്ക് ഡി.ആർ അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എങ്ങനെ പ്രായോഗികമാകുമെന്ന ചോദ്യവും ബാക്കിയാണ്. ഇതിനെല്ലാം ജൂണിലെ ബജറ്റിൽ മറുപടി ലഭിക്കുമോ എന്ന് ജീവനക്കാർ ഉറ്റുനോക്കുകയാണ്.
English Summary:
Reports suggest that the first budget of the UDF government led by V. D. Satheesan will be presented in the first week of June. The budget is considered highly significant for Kerala government employees, as clarity is awaited on issues such as the progress of the 12th Pay Commission and pension reforms. One of the major concerns is when the Assured Pension Scheme, introduced by the previous government will come into effect.