Anganwadi New Food Menu: ശങ്കുവിൻ്റെ ‘ബിർണാണി’ വിപ്ലവം സഫലമായി; അങ്കണവാടി കുട്ടികൾക്ക് ഇനി മുതൽ കലക്കൻ മെനു
Kerala Changes Anganwadi Food Menu: ശങ്കു ചോദിച്ചത് ചിക്കൻ ബിരിയാണെങ്കിലും, തൽക്കാലം ലഭിക്കുക മുട്ട ബിരിയാണിയാണ്. അതേസമയം പരിഷ്ക്കരിച്ച മെനുവിൽ ബിരിയാണിക്ക് പുറമെ, പാലും പിടിയും ഓംലറ്റും മുളപ്പിച്ച പയറും ന്യൂട്രിലഡുവും ഒക്കെ ഉൾപ്പെടും.
തിരുവനന്തപുരം: ഇത് നമ്മുടെ കുഞ്ഞ് ശങ്കുവിൻ്റെ വിജയം… കേരളത്തിലെ എല്ലാ അങ്കണവാടികളിലും ഭക്ഷണക്രമത്തിൽ പുതിയ പരിഷ്ക്കരണം. അങ്കണവാടി മെനുവിൽ ബിരിയാണി ഉൾപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. പരിഷ്‌കരിച്ച അങ്കണവാടി മെനു പ്രകാരമുള്ള ബിരിയാണി കുരുന്നുകൾക്ക് ഒരു മാസത്തിനകം കിട്ടിത്തുടങ്ങും. കഴിഞ്ഞ വർഷമാണ് അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുഞ്ഞ് ശങ്കുവിൻ്റെ വീഡിയോ വൈറലായത്. ഇതിന് പിന്നാലെയാണ് പരിഷ്ക്കരണം.
എന്നാൽ ശങ്കു ചോദിച്ചത് ചിക്കൻ ബിരിയാണെങ്കിലും, തൽക്കാലം ലഭിക്കുക മുട്ട ബിരിയാണിയാണ്. അതേസമയം പരിഷ്ക്കരിച്ച മെനുവിൽ ബിരിയാണിക്ക് പുറമെ, പാലും പിടിയും ഓംലറ്റും മുളപ്പിച്ച പയറും ന്യൂട്രിലഡുവും ഒക്കെ ഉൾപ്പെടും. കുട്ടികളുടെ പോഷക മൂല്യത്തെക്കുറിച്ച് ജീവനക്കാർക്ക് ബോധവൽക്കരണം നൽകിയ ശേഷം ഒരുമാസത്തിനകം പുതിയ മെനു നടപ്പാക്കാനാണ് വനിതാ ശിശുവികസന വകുപ്പിന്റെ തീരുമാനം.
എന്നാൽ ബിർണാണി വിപ്ലവത്തിലൂടെ പ്രശസ്തനായ ശങ്കു നിലവിൽ വിദേശത്താണ്. നാട്ടിലെത്തുമ്പോൾ ഒന്നാം ക്ലാസിൽ ചേർക്കുമെന്നതിനാൽ ശങ്കുവിന് അങ്കണവാടിയിലെ ബിരിയാണി കഴിക്കാൻ സാധിക്കില്ല. എന്നാൽ തൻ്റെ വൈറൽ വീഡിയോയിലൂടെ വന്ന മാറ്റം മറ്റ് കുട്ടികൾക്ക് ഗുണം ചെയ്യുമെന്നതാണ് സന്തോഷകരമായ കാര്യം. ഭക്ഷണം പരിഷ്ക്കരിച്ച കാര്യം ആരോഗ്യ മന്ത്രി വീണ ജോർജ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തു.
അങ്കണവാടിയിലെ പരിഷ്ക്കരിച്ച് ഭക്ഷണങ്ങൾ
തിങ്കളാഴ്ച ദിവസങ്ങളിൽ
പ്രാതൽ: പാൽ, പിടി, കൊഴുക്കട്ട/ഇലയട
ഉച്ചഭക്ഷണം: ചോറ്, ചെറുപയർ കറി, ഇലക്കറി, ഉപ്പേരി/തോരൻ
പൊതുഭക്ഷണം: ധാന്യം, പരിപ്പ് പായസം
ചൊവ്വാഴ്ച ദിവസങ്ങളിൽ
പ്രാതൽ: ന്യൂട്രി ലഡു
ഉച്ചഭക്ഷണം: മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്
പൊതുഭക്ഷണം: റാഗി അട
ബുധനാഴ്‌ച ദിവസങ്ങളിൽ
പ്രാതൽ: പാൽ, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി
ഉച്ചഭക്ഷണം: പയർ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ,
പൊതുഭക്ഷണം: ഇഡ്ഢലി, സാമ്പാർ, പുട്ട്, ഗ്രീൻപീസ് കറി
വ്യാഴാഴ്ച്‌ച ദിവസങ്ങളിൽ
പ്രാതൽ: റാഗി, അരി അട/ഇലയപ്പം
ഉച്ചഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയർ, ചീരത്തോരൻ, സാമ്പാർ, മുട്ട, ഓംലറ്റ്
പൊതുഭക്ഷണം: അവൽ, ശർക്കര, പഴം മിക്സ്
വെള്ളിയാഴ്‌ച ദിവസങ്ങളിൽ
പ്രാതൽ: പാൽ, കൊഴുക്കട്ട
ഉച്ചഭക്ഷണം: ചോറ്, ചെറുപയർ കറി, അവിയൽ, ഇലക്കറി, തോരൻ
പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്
ശനിയാഴ്ച്ച ദിവസങ്ങളിൽ
പ്രാതൽ: ന്യൂട്രി ലഡു
ഉച്ചഭക്ഷണം: വെജിറ്റബിൾ പുലാവ്, മുട്ട, റൈത്ത
പൊതുഭക്ഷണം: ധാന്യ പായസം