KSU: ജനറൽ സെക്രട്ടറിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചു; കെഎസ്‌യു ഭാരവാഹികൾക്കെതിരെ കേസ്
Police Case Over Honeytrap Scandal In KSU: കെഎസ്‌യുവിൽ ഹണി ട്രാപ്പ് വിവാദം. സംസ്ഥാന ജനറൽ സെക്രട്ടറിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച ഭാരവാഹികൾക്കെതിരെ കേസെടുത്തു.
കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ സംസ്ഥാന പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റുമാർക്കെതിരെയും കേസ്. സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിൻ്റെ പരാതിയിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെയാണ് ഇരവിപുരം പോലീസ് കേസെടുത്തത്.
2024 ഡിസംബർ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഷികിനെ വിളിച്ച് വരുത്തി പരസ്ത്രീബന്ധം ആരോപിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആർ. യദു, അൻവർ, അരുൺ എന്നിവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും പീഡനത്തിന് ഇരയാക്കി എന്ന് ആരോപിക്കുന്ന സ്ത്രീയുടെ ശബ്ദസന്ദേശം അയച്ചു എന്നും ആഷിക് മൊഴിനൽകിയിരുന്നു. ഈ മാസം രണ്ടിനാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
മഴസാധ്യത
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന മണിക്കൂറുകളിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കുറഞ്ഞിരുന്നു. നാലഞ്ച് ദിവസം തുടരെ പെയ്ത കനത്ത മഴയ്ക്ക് ശേഷം മഴ കുറഞ്ഞു. എന്നാൽ, ഇന്ന് മുതൽ വീണ്ടും മഴ വർധിക്കുമെന്നാണ് സൂചനകൾ. മഴ ശക്തമായതോടെ ദിവസങ്ങളായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.