Kerala Covid Update: സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം; ചികിത്സയിലുള്ളത് 2000ത്തിലധികം രോഗികൾ
Kerala Covid Update: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ പത്ത് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ മൂന്ന് പേരും മഹാരാഷ്ട്രയിൽ രണ്ട് പേരും മരിച്ചതായാണ് റിപ്പോർട്ട്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 2007 രോഗികളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ പത്ത് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ മൂന്ന് പേരും മഹാരാഷ്ട്രയിൽ രണ്ട് പേരും മരിച്ചതായാണ് റിപ്പോർട്ട്.
ഇന്ത്യയിൽ ആകെ 7383 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്. കൂടാതെ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 1441 പേർ ഗുജറാത്തിലും, 747 പേർ പശ്ചിമ ബംഗാളിലും, 682 പേർ ഡൽഹിയിലും, മഹാരാഷ്ട്രയിൽ 578 പേരും ചികിത്സ തേടുന്നു.
മുൻകരുതലുകൾ
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടാകുന്നതിനാൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും രോഗലക്ഷണങ്ങൾ കണ്ടയുടൻ വൈദ്യ സഹായം തേടുകയും വേണം. ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. രോഗികളുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വൈദ്യ സഹായം തേടേണ്ടതാണ്.