Kerala Rain Alert Today: അതിശക്തമായ മഴ: ഇന്ന് എല്ലായിടത്തും മുന്നറിയിപ്പ്; 11 ജില്ലകളിലും ആലപ്പുഴയിലെ 2 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala Rain Alert Today: ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് സംസ്ഥാനത്ത് കനത്ത മഴ ലഭിക്കാൻ കാരണം.
കനത്ത മഴ തുടരുന്ന സാഗചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.
Also Read:കനത്ത മഴ, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഇന്ന് 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കുമാണ് അവധി ബാധകം. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദ്ദേശമുണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുള്ളത്.